Skip to main content

നല്ലതു ചൊല്ലാൻ 'പാഠ'മുണ്ട്: പേരാമ്പ്രയുടെ വിദ്യാഭ്യാസ നിലവാര ഉന്നതി ലക്ഷ്യമിട്ട് പാഠം പദ്ധതി

 

 

പേരാമ്പ്ര മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാര ഉന്നതി ലക്ഷ്യമിടുകയാണ്   'പാഠം'(പേരാമ്പ്ര ആക്ഷൻ പ്ലാൻ ഫോർ അക്കാദമിക് ഡവലപ്‌മെന്റ് ആന്റ് മോഡണൈസേഷൻ) പദ്ധതി.  വരും കാലത്തിന്റെ ഭാവി വളർന്നു വരുന്ന തലമുറയുടെ കൈകളിലാണെന്നും മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിപോലും വിദ്യാഭ്യാസത്തിൽ പിന്നോട്ടു പോവരുതെന്നുമുള്ള തൊഴിൽ  മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഉറച്ച നിലപാടാണ് 'പാഠം' പദ്ധതിക്ക് ജന്മം നൽകിയത്.

ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതി, അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ എന്നിവയാണ് ഇതിലൂടെ  ലക്ഷ്യമിടുന്നത്.
മണ്ഡലം പരിധിയിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര, കീഴരിയൂർ, തുറയൂർ, മേപ്പയ്യൂർ,അരിക്കുളം എന്നീ പത്ത് പഞ്ചായത്തുകളിലെ 119 സർക്കാർ, എയിഡഡ് സ്‌കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഓരോ സ്‌കൂളുകളിലും ഒരു അദ്ധ്യാപകനെ പദ്ധതി നടപ്പാക്കുന്നതിനായി  പ്രത്യേകം ചുമതല പ്പെടുത്തിയിട്ടുണ്ട്.
മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ ഭാഗമായാണ്  'പാഠം' പദ്ധതിയും ആരംഭിച്ചത്.
സ്‌കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനും പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി സഹായിക്കുന്നതിനും പദ്ധതി സഹായകമാകും.   ലഹരിക്കെതിരെ പ്രവർത്തന പരിപാടികൾ,
എല്ലാ ക്ലാസിലും ഐടി അധിഷ്ഠിത പഠനം, ടാലന്റ് ലാബ്, ജൈവ വൈവിധ്യ ഉദ്യാനം, കായിക ശേഷി വികസനം എന്നിവക്കെല്ലാം സഹായം ലഭ്യമാക്കാനും ശാസ്ത്രം, ഗണിതം, ഭാഷ, കലാ- കായികം തുടങ്ങിയ രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് മുന്നേറാൻ പ്രത്യേക പരിശീലനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

date