മത്സ്യ തൊഴിലാളികളുടെ കുടുംബത്തിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്യുന്നു
ആലപ്പുഴ : പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ സഹായത്തോടെ സംസ്ഥാന തീര ദേശ വികസന കോർപറേഷൻ മത്സ്യ തൊഴിലാളികളുടെ കുടുംബത്തിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്യുന്നു. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ചാണ് സൈക്കിൾ വിതരണം. പദ്ധതിയുടെ ഉദ്ഘാടനം കൊല്ലത്തു നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. 9 തീര ദേശ ജില്ലകളിലുള്ള സർക്കാർ സ്കൂളുകളിലെ 7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന 464 വിദ്യാർത്ഥികൾക്കാണ് സൈക്കിൾ വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം ജില്ലയിൽ 102 വിദ്യാർഥിനികൾക്കും എറണാകുളം ജില്ലയിൽ 137വിദ്യാർഥിനികൾക്കും തൃശ്ശൂർ ജില്ലയിൽ 114 വിദ്യാർഥിനികൾക്കും മലപ്പുറം ജില്ലയിൽ 185 വിദ്യാർഥിനികൾക്കും കോഴിക്കോട് ജില്ലയിൽ 291 വിദ്യാർഥിനികൾക്കും കണ്ണൂർ ജില്ലയിൽ 70 വിദ്യാർഥിനികൾക്കും കാസർഗോഡ് ജില്ലയിൽ 102 വിദ്യാർഥിനികൾക്കും ഇതിനോടകം സൈക്കിൾ വിതരണം ചെയ്തു കഴിഞ്ഞു. ആലപ്പുഴ ജില്ലയിൽ 20 സ്കൂളുകളിൽനിന്നായി 464 വിദ്യാർഥിനികൾക്കാണ് സൈക്കിൾ വിതരണം ചെയ്യുന്നത്. 18 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജൂലൈ 23ന് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്കൂളിൽ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും.
- Log in to post comments