കര്‍ണ്ണാടക മെഡിക്കല്‍ എന്‍ട്രന്‍സ് : പരീക്ഷയെഴുതുന്നവര്‍ക്ക് പ്രത്യേക സജ്ജീകരണം
ജൂലൈ 30, 31 തിയ്യതികളില്‍ നടക്കുന്ന കര്‍ണ്ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലപ്പാടി വരെ പോകാന്‍ പ്രത്യേകം കെ എസ് ആര് ടി സി. ബസ് അനുവദിക്കും. അവിടെ നിന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഒരുക്കുന്ന വാഹനത്തില്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പോകാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഇവര്‍ മറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ഇവര്‍ അഞ്ചാം ദിവസം ആന്റിജന്‍ ടെസ്റ്റിന് വിധേയമാകേണ്ടതാണ്.
ദേശീയ പാതയോരങ്ങളിലെ ഹോട്ടല്‍, തട്ടുകടകള്‍ എന്നിവയ്ക്ക് രാവിലെ 8 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം
ജില്ലയിലെ ദേശീയ പാതയോരങ്ങളിലെയും കാഞ്ഞങ്ങാട് കാസര്‍കോട് കെ എസ് ടി പി റോഡരികിലെയും ഹോട്ടലുകള്‍, തട്ടുകടകള്‍,ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി മാത്രമേ ഭക്ഷണം നല്കാവു. മറ്റ് കടകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ദേശീയ പാതയോട് തൊട്ടുകിടക്കുന്ന റോഡുകളിലെ ഹോട്ടലുകള്‍, തട്ടുകടകള്‍,ബേക്കറികള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.
ബാങ്ക് ജീവനക്കാരെ ഉപാധികളോടെ അനുവദിക്കും
കാസര്‍കോട് നിന്ന് കര്‍ണ്ണാടകയിലേക്ക് ദിവസേന പോയി വരുന്ന ബാങ്ക് ജീവനക്കാരെ ഉപാധികളോടെ അനുവദിക്കും. ഇങ്ങനെ പോകുന്നവര്‍ സ്വകാര്യ വാഹനത്തില്‍ മാത്രം പോകണം. ഉപയോഗിക്കുന്ന വാഹനത്തിന്റെയും യാത്ര ചെയ്യുന്നവരുടെയും വിവരങ്ങളും ചെക്ക് പോസ്റ്റിലും ജില്ലാ ഭരണകൂടത്തിനും ലഭ്യമാക്കണം. ഇവര്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിലല്ല ഏര്‍പ്പെടുന്നതെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് വന്ന് ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ ജില്ലയിലെത്തി ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. അഞ്ചാം ദിവസം ഇവര്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം. ഫലം നെഗറ്റീവായവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. ഇവര്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിലല്ല ഏര്‍പ്പെടുന്നതെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാണ്.
മാഷ് പദ്ധതിയില്‍ അധ്യാപകര്‍ സജീവമാകണം
മാഷ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞടുക്കപ്പെട്ട പ്രൈമറിതലം മുതല്‍ കോളേജ് തലം വരെയുള്ള അധ്യാപകര്‍ (സര്‍ക്കാര്‍ / എയ്ഡഡ് ) ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ പരിപാടിയിക്ക് അതത് പ്രദേശങ്ങളില്‍ നേതൃത്വം നല്‍കണം. ഇങ്ങനെ ചെയ്യാത്തവരുടെ വിവരങ്ങള്‍ 8590684023 എന്ന വാട്സപ്പ് നമ്പറിലേക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/ മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഹെഡ് മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് അറിയിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി, പഴം,മത്സ്യ വാഹനങ്ങള്‍ സാധനങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് കൈമാറണം
പച്ചക്കറി, പഴം,മത്സ്യം എന്നിവയുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തി ജില്ലയിലെ മറ്റ് വാഹനങ്ങളിലേക്ക് സാധനങ്ങള്‍ മാറ്റണം. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്ലൗസ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും പാടുള്ളു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് വാഹനം കണ്ടുകെട്ടും. സാധനങ്ങളുമായി കര്‍ണ്ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് ജില്ലയിലേക്ക് പ്രവേശനം നല്‍കില്ല. ജില്ലാ അതിര്‍ത്തിയില്‍ പച്ചക്കറി വാഹനത്തില്‍ കയറ്റിറക്ക് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആഴ്ചയിലൊരിക്കല്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്.
കളക്ടറേറ്റില്‍ നടന്ന ജില്ലാ കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി. സബ്കളക്ടര്‍ അരുണ്‍ കെ വിജയന്, എ ഡി എം എന്‍ ദേവിദാസ്, ഡി എം ഒ ഡോ എ വി രാംദാസ്, ഡെപ്യൂട്ടി ഡി എം ഒ എ ടി മനോജ്, ആര് ഡി ഒ അഹമ്മദ് കബീര്‍, മറ്റ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
- Log in to post comments