Skip to main content

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 11 ന്

കാക്കനാട്: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 11 ന് നടക്കും. ജില്ലയിലെ അഞ്ചു വയസില്‍ താഴെയുള്ള 2,10,013 കുട്ടികള്‍ക്കാണ് ഈ ദിവസം പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. ജില്ലയില്‍ ഇതിനായി 1838 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍സിസി വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് 11 ന് ബൂത്തുകളിലെത്താത്ത കുട്ടികള്‍ക്ക 12, 13 തീയതികളില്‍ വീടുകളിലെത്തി തുള്ളു മരുന്ന് നല്‍കും. തുള്ളി മരുന്ന് നല്‍കിയതിനു ശേഷം കുട്ടികളുടെ ഇടതുകൈയിലെ ചെറുവിരലില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് അടയാളപ്പെടുത്തും. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ വാക്‌സിന്‍, പ്രചരണ സാമഗ്രികള്‍ എന്നിവ വിതരണം ചെയ്തു കഴിഞ്ഞു. ഒരു കുട്ടി പോലും പോളിയോ തുള്ളിമരുന്ന് എടുക്കാതെ വിട്ടുപോകാത്ത തരത്തിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. 

 

മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ ഒറ്റഘട്ടമായാണ് പരിപാടി നടത്തുന്നത്. 2014 ല്‍ ഭാരതം പോളിയോ വിമക്തമായി പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇന്നും പോളിയോ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഏതാനും വര്‍ഷം കൂടി പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി വഴിയോ സഞ്ചാരികള്‍ വഴിയോ ഒക്കെ രോഗാണു രാജ്യത്തെത്താനുള്ള സാധ്യത കൂടുതലാണ്. 2000ലും 2011 ലും ആണ് അവസാനമായി പോളിയോ കണ്ടെത്തിയിട്ടുള്ളത്. 

 

പോളിയോ തുള്ളി മരുന്ന് വിതരണവുമായി ബന്ധപ്പെട്ട ജില്ലാത ടാസ്‌ക് ഫോഴ്‌സ് രൂപീകരണ യോഗം ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസിന്റെ അധ്യക്ഷതയില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്നു. പ്രതിരോധ യജ്ഞം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനവും ഏകോപനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുട തെറ്റിദ്ധാരണ മാറ്റി പ്രതിരോധ മരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണം. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ആര്‍സിഎച്ച ഓഫീസര്‍ ഡോ. ഷീജ, ലോകാരോഗ്യ സംഘടനയുടെ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ആശ രാഘവന്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ കെ.സി. ഫിലിപ്പ്, നെഹ്‌റു യുവ കേന്ദ്ര ജില്ല കോ-ഓര്‍ഡിനേറ്റര്‍ ടോണി, വിവിധ വകുപ്പ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

date