കോവിഡ് പ്രതിസന്ധിക്കിടയിലും പുസ്തകവിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ല
കോവിഡ് -19 ഉയര്‍ത്തിയ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനിടയിലും ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി.
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തക വിതരണമാണ് പൂര്‍ത്തിയായത്. 31,68,413 പുസ്തകങ്ങളാണ് ജൂലൈ 12 നുള്ളില്‍ ജില്ലയില്‍ വിതരണം ചെയ്തത്.
കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് പാഠപുസ്തക വിതരണം നടന്നത്. കെ.ബി.പി.എസില്‍ നിന്നും ജില്ല ഡിപ്പോകളില്‍ എത്തിച്ച് സ്‌കൂള്‍ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങള്‍ എത്തിച്ച് നല്‍കിയാണ് വിതരണം പൂര്‍ത്തിയാക്കിയത്. ഇവിടെനിന്നും 333 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. വടകര ഹബ്ബില്‍ എത്തിച്ച പുസ്തകങ്ങള്‍ തരം തിരിച്ചത് കുടുംബശ്രീയാണ്. നിലവില്‍ വടകര മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ ഹബ്ബ് താല്‍ക്കാലികമായി അടച്ച നിലയിലാണ്. ഇതിനാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല. 1,97,237 പുസ്തകങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്യാനുള്ളത്. ഹബ്ബ് തുറക്കാന്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവയും വിതരണം ചെയ്യും.
സാധാരണ മൂന്ന് മുതല്‍ നാല് മാസം വരെ നീളുന്ന പുസ്തക വിതരണം ഈ വര്‍ഷം ഒന്നര മാസത്തിനകം പൂര്‍ത്തിയായി. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയത്.
- Log in to post comments