ജൈവ കര്‍ഷകര്‍ക്ക് സഹായമായി കോള്‍ഡ് സ്റ്റോറേജ് സെന്റര്‍ : തിരൂരങ്ങാടിയില്‍ ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും
ജൈവ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ കേടുകൂടാതെ സൂക്ഷിച്ച് വിപണനം നടത്താന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനമൊരുക്കുന്നു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും 12 ദിവസം വരെ കേടു കൂടാതെ സൂക്ഷിച്ച് ന്യായ വിലയ്ക്ക് വിപണനം നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഓണത്തോടനുബന്ധിച്ച് കോള്‍ഡ് സ്റ്റോറേജ് സംവിധാനം സജ്ജമാകും.
മാലിന്യ സംസ്‌ക്കരണ സംവിധാനമൊരുക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പണിത കെട്ടിടത്തിലാണ് കോള്‍ഡ് സ്റ്റോറേജ് സംവിധാനം സജ്ജീകരി ക്കുക. സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ സാഹചര്യത്തിലാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി പണിത കെട്ടിടം കോള്‍ഡ് സ്റ്റോറേജ് സെന്ററിനായി ഉപയോഗിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്‍ കലാം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി മേഖലയിലെ മിക്ക സ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ കൂട്ടായ്മകളും വ്യക്തികളും ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറി ഇനങ്ങളും കേടുവരാതെ രണ്ടാഴ്ചയോളം സൂക്ഷിക്കാനും ന്യായ വിലയ്ക്ക് വിപണനം നടത്താനും കര്‍ഷകര്‍ക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍. ടെന്‍ഡര്‍ വിളിച്ച് മെഷീന്‍ സജ്ജീകരിക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്.
- Log in to post comments