*കോവിഡ്19:* *ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി*
*65 ന് മുകളില്‍ പ്രായമുള്ളവര്‍ കച്ചവടം ചെയ്യാനോ കടകളില്‍ ജോലിക്ക് നില്കാനോ പാടില്ല*
*ടര്‍ഫുകള്‍, ഇന്‍ഡോര്‍ കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കളികള്‍ നിരോധിച്ചു*
വയനാട് ജില്ലയില്‍ കോവിഡ് -19 രോഗബാധ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങള്‍.
ജില്ലയില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കച്ചവടം ചെയ്യാനോ കടകളില്‍ ജോലിക്ക് നില്കാനോ പാടില്ല. താലുക്ക് തലത്തിലുള്ള പരിശോധനാ സ്‌ക്വാഡുകള്‍ ഇവരെ പ്രത്യേകം പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഇവരുടെ അതിജീവനത്തിനാവശ്യമായ സഹായം അതത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ ആവശ്യമെങ്കില്‍ കുടുംബശ്രീ മിഷന്‍, സാമൂഹ്യ നീതി വകുപ്പ് എന്നിവയുമായി ചേര്‍ന്ന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് നല്‍കേണ്ടതാണ്.
ജില്ലയില്‍ ടര്‍ഫുകള്‍, ഇന്‍ഡോര്‍ കളി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കളികള്‍ നിരോധിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകം പരിശോധന നടത്തേണ്ടതും നിയമലംഘനം കണ്ടാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
*ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ സ്‌ക്വാഡ്*
ജില്ലയില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, ലബോറട്ടറികള്‍, സ്‌കാനിംഗ് സെന്ററുകള്‍ എന്നീ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ക്വാളിറ്റി കണ്‍ട്രോള്‍ സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
ഡോ. റഷീദ് (ഗൈനക്കോളജിസ്റ്റ് ജി.എച്ച് മാനന്തവാടി) ടീം ലീഡറും ഡോ. ശ്രീലേഖ (ജി.എച്ച് മാനന്തവാടി), ഡോ. സയിദ് (മെഡിക്കല്‍ ഓഫീസര്‍, വെള്ളമുണ്ട), ജോജിന്‍ ജോര്‍ജ്ജ് (ജില്ലാ ക്വാളിറ്റി ഓഫീസര്‍), സ്വപ്ന അനു ജോര്‍ജ് (ജില്ലാ ബയോ മെഡിക്കല്‍ ഓഫീസര്‍) എന്നിവര്‍ അംഗങ്ങളുമാണ്.
സ്‌ക്വാഡ് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും പരിശോധിച്ച് 28 നകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. കോവിഡ്19 കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിതാന്ത ജാഗ്രത ആവശ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്.
- Log in to post comments