രാജ്യത്ത് ആദ്യമായി ഇ പാസിംഗ് ഔട്ട് പരേഡ് നടത്തി കേരളം
രാജ്യത്ത് ആദ്യമായി ഓൺലൈനിൽ സബ് ഇൻസ്പെക്ടർമാർക്കായി പാസിംഗ് ഔട്ട് പരേഡ് നടത്തി രാമവർമ്മപുരം കേരള പോലീസ് അക്കാദമി. അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ഇ-പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളുമാണെന്നും അവ സേവന കേന്ദ്രങ്ങൾ കൂടിയാണെന്നും സല്യൂട്ട് സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്‌പെക്ടർമാർ ട്രെയിനികളുടെ ഇ-പാസിംഗ് ഔട്ട് നടത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പാസിംഗ് ഔട്ട് പരേഡ്.
ഒൻപത് മാസത്തെ തീവ്ര പരിശീലനം പൂർത്തിയാക്കിയാണ് കേരള പൊലീസ് സേനയിലെ 29 ബി, 30-ാം ബാച്ച് പുറത്തിറങ്ങിയത്. കേരള പോലീസ് അക്കാദമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇ- പാസിംഗ് ഔട്ട് പരേഡ് പൊതുജനങ്ങൾക്ക് തൽസമയം കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വിവിധ മത്സരങ്ങളിൽ വിജയികളായ പോലീസുകാർക്ക് സമ്മാനദാനവും നടത്തി. 29 എ ബാച്ചിലെ സുഹൈൽ കെ, 30 എ ബാച്ചിലെ അഭിറാം സി എസ് എന്നിവർ ബെസ്റ്റ് ഇൻഡോർ ഗെയിംസ് വിജയികളായി. ബെസ്റ്റ് ഷൂട്ടർ എം മനേഷ്(29 എ ബാച്ച്), സൂരജ് സി എസ്(30 എ), ബെസ്റ്റ് ഔട്ട് ഡോർ-എം മനേഷ്(29 എ ബാച്ച്), എം സരിത(30 എ), ബെസ്റ്റ് ഓൾ റൗണ്ടർ-കെ സുഹൈൽ(29 എ), എം സരിത(30 എ) എന്നിവരാണ് വിവിധ മേഖലകളിൽ വിജയികളായത്.
കേരള പോലീസിൽ നേരിട്ട് സർവ്വീസിൽ നിയമിക്കപ്പെട്ട സബ് ഇൻസ്‌പെക്ടർമാരിൽ വനിതകൾ കൂടി ഉൾപ്പെട്ട രണ്ടാമത്തെയും മൂന്നാമത്തെയും ബാച്ചുകളാണ് ഇപ്പോൾ പുറത്തിറങ്ങിയത്. 2019 മെയ് 13 നും ജൂലൈ അഞ്ചിനുമായി ആരംഭിച്ച രണ്ട് ബാച്ചുകളാണ് പരിശീലനം പൂർത്തിയാക്കിയത്. അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രത്യേക കമാൻഡോ ട്രെയിനിംഗ്, ഹൈ ആൾട്ടിറ്റിയൂട്ട് ട്രെയിനിങ്ങ്, കോസ്റ്റൽ ട്രെയിനിങ്ങ് സെൻറർ, കമ്മ്യൂണിറ്റി പോലീസിംഗ്, ദുരന്തനിവാരണം, സൈബർ കുറ്റാന്വേഷണം കൂടാതെ കമ്പ്യൂട്ടർ, ഡ്രൈവിംഗ്, സ്വിമ്മിംഗ്, യോഗ തുടങ്ങിയവയിലും വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. ആദ്യ ബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരുമാണുള്ളത്. ഇതിൽ 14 പേർ വനിതകളാണ്. പരിശീലനം പൂർത്തിയാക്കിയ 104 പേരിൽ എംടെക്, എംഎഡ് യോഗത്യയുളള ഓരോരുത്തരും രണ്ട് എംബിഎ, എംസിഎ ബിരുദധാരികളും 4 ബിഎഡ് യോഗ്യതയുളളവരും 11 ബിടെക് യോഗ്യതയുളളവരും ബിരുദാനന്തരബിരുദമുളള 23 പേരുമുണ്ട്. പാഠ്യപദ്ധതിയനുസരിച്ച് തീവ്രപരിശീലനം, മാനസികാരോഗ്യ ക്ലാസുകൾ, പൊതുപരീക്ഷകൾ, വിലയിരുത്തൽ എന്നിവയെല്ലാം ഇ-ലേണിങ് പദ്ധതിയിലൂടെ നടത്തി. അക്കാദമി സ്വന്തമായി വികസിപ്പിച്ച ഓൺലൈൻ ആപ്ലിക്കേഷനായ കെൽസ് എന്ന മാധ്യമത്തിലൂടെയായിരുന്നു പഠനം. പദ്ധതിക്ക് 2017 ൽ സംസ്ഥാന സർക്കാരിന്റെ ഈ ഗവേർണൻസ് അവാർഡ് ലഭിച്ചിരുന്നു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, ഡിഐജി ട്രെയിനിങ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments