കോവിഡ് കാലത്തും സാംസ്കാരിക രംഗത്ത് സര്‍ക്കാര്‍ സജീവമായി ജനങ്ങള്‍ക്കൊപ്പമുണ്ട്- സാംസ്ക്കാരിക വകുപ്പ് മന്ത്രി
കോവിഡ്കാലത്തും സാംസ്കാരിക രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുന്നുണ്ടെന്നും അതിനുള്ള പ്രധാന തെളിവാണ് ടി എസ് തിരുമുമ്പ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനമെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ, മുന്നോക്ക ക്ഷേമ, നിയമ, സാംസ്ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു. മടിക്കൈ പഞ്ചായത്തില്‍ ടി.എസ് തിരുമുമ്പ് സാംസ്ക്കാരിക നിലയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം. പ്രവൃത്തി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടേയും സഹായ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കേരള നവോത്ഥാന പ്രസ്ഥാനത്തില്‍ ജ്വലിച്ച് നില്ക്കുന്ന വ്യക്തിത്വമാണ് സുബ്രഹ്മണ്യന് തിരുമുമ്പിന്റേത്. പയ്യന്നൂരില്‍ നടന്ന ഉപ്പ് സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത തിരുമുമ്പിന്റെ കവിതകളും പാട്ടുകളും ദേശീയ പ്രസ്ഥാനത്തിന് വലിയ ആവേശമാണ് നല്‍കിയത്. കര്‍ഷക പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ വളര്‍ത്തിയെടുക്കാന്‍ പ്രയത്നിച്ച പാടുന്ന പടവാളായി ടി.എസ് തിരുമുമ്പ്. വൈവിധ്യ സംസ്ക്കാരമുള്ള കാസര്‍കോട് ജില്ലയില്‍, മലയാളത്തിന്റെ പ്രിയ കവി പി. കുഞ്ഞിരാമന് നായരുടെ ജന്മസ്ഥലത്തോട് ചേര്‍ന്ന് പൂരക്കളി, മറത്തുകളി, തെയ്യം എന്നിവയുടെ സംസ്കൃതിയില്‍ പരിലസിക്കുന്ന നാട്ടില്‍ ഇവയെല്ലാം കരുതി വെക്കാനുള്ള ഇടം എന്ന നിലയ്ക്കാണ് ഈ സമുച്ചയത്തെ സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ടി.എസ് തിരുമുമ്പിന്റെ പ്രവര്‍ത്തന മേഖല കൂടിയായിരുന്നു കാഞ്ഞങ്ങാടും മറ്റ് മേഖലകളുമെല്ലാം. അവിടെത്തന്നെ ഈ സാംസ്ക്കാരിക സമുച്ചയം ഉയരുന്നതില്‍ സന്തോഷമുണ്ടെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്ര ശേഖരന് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. അത്യുത്തര മലബാറിന്റെ കര്‍ഷക സമര ചരിത്രം അറിയുന്നവര്‍ക്ക് 1930-40 കാലത്തെ സമര വീര്യവും പോരാട്ട കഥകളുമെല്ലാം തിരുമുമ്പിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണെന്നും മന്ത്രി പറഞ്ഞു.
- Log in to post comments