ധനകാര്യസ്ഥാപനങ്ങള്‍ കൊവിഡ് നിയന്ത്രണം പാലിക്കണം
ജില്ലയിലെ പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ കൈക്കൊളളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം. പല ധനകാര്യ സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനം ഒരുക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള ക്രമീകരണവും ഉണ്ടാകണം. പരിമിതമായ ജീവനക്കാരെ മാത്രം നിലനിര്‍ത്തി വേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍. മറ്റു ജീവനക്കാര്‍ക്ക് അവരവരുടെ വീടുകളില്‍ വെച്ചു തന്നെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഏര്‍പ്പെടുത്തണം.
ധനകാര്യ സ്ഥാപനങ്ങളില്‍ അവശ്യം വേണ്ട ജീവനക്കാരെ വിന്യസിച്ച് സാമൂഹിക അകലവും മറ്റ് നിയന്ത്രണങ്ങളും ഉറപ്പാക്കി മാത്രമേ പ്രവര്‍ത്തിക്കാവൂ. സ്‌ക്കോളര്‍ഷിപ്പ് സംബന്ധമായ അക്കൗണ്ട് തുറക്കല്‍, ഇടപാടുകള്‍ എന്നീ കാര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ യാതൊരു കാരണവശാലും ബാങ്കില്‍ വിളിച്ചുവരുത്താന്‍ പാടുള്ളതല്ല.
എ.ടി.എം. കൗണ്ടറുകളില്‍ ആവശ്യത്തിന് പണം നിക്ഷേപിക്കേണ്ടതും, പ്രവര്‍ത്തന രഹിതമായ എ.ടി.എം കൗണ്ടറുകള്‍ യുദ്ധകാലടിസ്ഥനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതും അവിടങ്ങളില്‍ കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയും ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ല കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡി എം ഒ ഡോ. കെ നാരായണ നായ്ക്, സബ് കലക്ടര്‍ എസ് ഇലക്യ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments