Skip to main content

കാടാമ്പുഴ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമായി: മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു

 

    കാടാമ്പുഴ പൊലീസ് സ്റ്റേഷന്‍ ഇനി മുതല്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. മാറാക്കര പഞ്ചായത്തിലെ മേല്‍മുറിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ 2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച പോലീസ് സ്റ്റേഷനാണ് 73.5 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറിയത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 
 പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാത്തിലൂടെയാണ് ഉദ്ഘാടനം നടത്തിയത.് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായിരുന്നു. കെ. കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡി.ഐ.ജി അശോക് യാദവ്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍കരീം, മാപ്പിള കലാ സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെയും മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മധുസൂദനന്‍, കാടാമ്പുഴ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ എം.ബി തുടങ്ങിയവര്‍ നേരിട്ടും പരിപാടിയില്‍ പങ്കെടുത്തു.
    കടാമ്പുഴ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടത്തിനായുള്ള ശ്രമങ്ങള്‍ ഫലം കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. നിലവിലെ പൊലീസ് സ്റ്റേഷന് തൊട്ടടുത്തു തന്നെ അനുവദിച്ചു കിട്ടിയ 50 സെന്റ് റവന്യൂ ഭൂമിയിലാണ് 2014-15 വര്‍ഷത്തെ പോലീസ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിച്ചത്. ആധുനിക സജ്ജീകരണങ്ങളുളള കെട്ടിടത്തിന്റെ നിര്‍മ്മാണം പൊലീസ് വകുപ്പിന് കീഴിലുള്ള കേരളാ പൊലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പൂര്‍ത്തീകരിച്ചത്.    
    കല്‍പകഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ പെട്ടിരുന്ന മാറാക്കര ഗ്രാമപഞ്ചായത്തും ആതവനാട് ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും കുറുവ ഗ്രാമ പഞ്ചായത്തിലെ ഒരു വാര്‍ഡും ചേര്‍ത്താണ് കാടാമ്പുഴ പോലീസ് സ്റ്റേഷന്‍ നിലവില്‍ വന്നത്. സംസ്ഥാനത്ത് ഇന്നലെ ആറ് പൊലീസ് സ്റ്റേഷനുകളുള്‍പ്പെടെയുള്ള 10 കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
 

date