Skip to main content
ആലത്തൂര്‍-കോങ്ങാട് പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളും, മങ്കര പോലീസ് ക്വാര്‍ട്ടേഴ്സും  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയുന്നു.

ആലത്തൂര്‍-കോങ്ങാട് പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളും  മങ്കര പോലീസ് ക്വാര്‍ട്ടേഴ്സും  മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

 

 

ആലത്തൂര്‍-കോങ്ങാട് പോലീസ്  സ്റ്റേഷനുകളുടെ പുതിയ കെട്ടിടം, മങ്കര പോലീസ് സ്റ്റേഷന്‍ ക്വോട്ടേഴ്സ് ഉള്‍പ്പെടെ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് വേണ്ടിയുള്ള 10 കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ഹീറോകളാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും പോലീസ് സേനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് കേരള ജനത കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരിയെ എങ്ങനെ മെരുക്കാമെന്ന  പരിശ്രമത്തിലാണ് കേരളം. ഈ ദൗത്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും. പകര്‍ച്ചവ്യാധിയെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ഫലപ്രദമായി ഇടപെടാന്‍ പോലീസ് സേനയ്ക്ക് കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കിയ പോലീസ് സേനയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് രാപകലില്ലാതെ പോലീസ് സേന പരിശ്രമിക്കുന്നുണ്ട്. സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍, സൗകര്യങ്ങള്‍, വികസനങ്ങള്‍ എന്നിവ നടപ്പാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  
പോലീസ് സംവിധാനം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മതിയായ സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഇടങ്ങളാണ് പോലീസ് സ്റ്റേഷനുകളെന്നും  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ പോലീസ് സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  കുടുംബത്തോടൊപ്പം കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ കഴിയുമെന്ന പഠനങ്ങളുടെ വെളിച്ചത്തിലാണ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തന്നെ കുടുംബത്തിനൊപ്പം കഴിയുന്നതിനുള്ള അവസരം ഒരുക്കുന്നതിനായി ക്വാര്‍ട്ടേഴ്സുകള്‍ പൂര്‍ത്തിയാക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത ക്രമസമാധാന പാലനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുമായി കൂടുതല്‍ വീര്യത്തോടെ ഇടപെടാന്‍ പോലീസ് സേനക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ആലത്തൂര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

1953-ലാണ് ആലത്തൂര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത് .റവന്യൂ വകുപ്പിന്റെ കെട്ടിടത്തിലാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. 2019  ഫെബ്രുവരിയിലാണ് പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 7460 ചതുരശ്ര അടിയില്‍ ഇരു നിലകളിലായാണ് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ചു.

കോങ്ങാട് പോലീസ് സ്റ്റേഷന്‍

1974ലാണ്  കോങ്ങാട് പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. 3605 ചതുരശ്ര അടിയിലുള്ള പുതിയ കെട്ടിടം 50 ലക്ഷം രൂപ ചെലവഴിച്ചാണ് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍  നിര്‍മ്മിച്ചത്.

മങ്കര പോലീസ് ക്വാര്‍ട്ടേഴ്സ്

ആറ് കുടുംബങ്ങള്‍ക്ക്  താമസസൗകര്യം ഒരുക്കുന്നതിനായി 1.35 കോടി രൂപ ചെലവഴിച്ചാണ് ക്വാര്‍ട്ടേഴ്സ് പൂര്‍ത്തിയാക്കിയത്.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍, ഡി.ജി.പി ലോക്നാഥ് ബഹ്റ, എം.പിമാരായ രമ്യ ഹരിദാസ് ,വി.കെ ശ്രീകണ്ഠന്‍, എം.എല്‍.എമാരായ കെ.വി വിജയദാസ്, കെ .ഡി പ്രസേനന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍   പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലത, ജില്ലാ പഞ്ചായത്ത് അംഗം സി.കെ രജനി,   പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  ആര്‍.മനോജ്കുമാര്‍, സി.ഐമാരായ ജോണ്‍സണ്‍, ഹിദായത്തുള്ള മമ്പറ, എന്നിവര്‍ സംസാരിച്ചു.

 

date