Skip to main content

കോവിഡ് 19: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും: ജില്ലാ പോലീസ് മേധാവി

കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക ഉയരുന്ന കാരണത്താല്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ക്ലസ്റ്ററുകളും പ്രഖ്യാപിക്കപ്പെടുന്നതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ദീര്‍ഘിപ്പിക്കുന്നതും കണക്കിലെടുത്തു പോലീസ് നടപടി ശക്തമാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ്, ക്ലസ്റ്റര്‍ എന്നീ മേഖലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും കര്‍ശനമായി നടപ്പാക്കും. ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രഖ്യാപിക്കപ്പെടുന്നു. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ നഗരസഭ, പഞ്ചായത്ത് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ നീട്ടുകയും ചെയ്യുന്നു. രോഗവ്യാപനസ്ഥിതി അപകടകരമാംവിധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ, ആരോഗ്യ വകുപ്പുകളുമായിചേര്‍ന്നു നടപടികള്‍  കാര്യക്ഷമാക്കുമെന്നു ജില്ലാപോലീസ് മേധാവി  വ്യക്തമാക്കി. 

          ലോക്ക്ഡൗണ്‍ ആദ്യഘട്ടത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതുപോലെ കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രണനടപടികള്‍ നടപ്പിലാക്കും. നിയന്ത്രണങ്ങളും ആരോഗ്യമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നത് ഉറപ്പാക്കും. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് കൃത്യമായി ധരിക്കല്‍, ഹോം ക്വാറന്റീന്‍ ലംഘിക്കാതിരിക്കല്‍, അനാവശ്യ യാത്രകള്‍ ഒഴിവാക്കല്‍ തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും ആളുകള്‍ അനുസരിക്കുന്നതും ഉറപ്പുവരുത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഒരുതരത്തിലുമുള്ള കൂടിച്ചേരലുകളും, വിലക്കുകള്‍ ലംഘിച്ചുള്ള പ്രകടനങ്ങള്‍ തുടങ്ങിയവയും അനുവദിക്കില്ല. ലംഘനങ്ങള്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ കൈക്കൊള്ളുന്നത് തുടരും. 

അനുവദനീയമായ വ്യാപാര  സ്ഥാപനങ്ങളും കടകളും നിഷ്‌കര്‍ഷിക്കപ്പെട്ട സമയത്തിനുള്ളില്‍, എല്ലാമാനദണ്ഡങ്ങളും പാലിച്ചു പ്രവര്‍ത്തിക്കണം. ലംഘനങ്ങളുണ്ടായാല്‍ ഉടമകള്‍ക്കെതിരെയും നടപടി എടുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ യാത്രകള്‍ക്കുള്ള നിയന്ത്രണം തുടരും. ഈ മേഖലകളിലേക്ക് കടക്കാനും പുറത്തുപോകാനും നിശ്ചയിക്കപ്പെടുന്ന കവാടങ്ങള്‍ മാത്രമേ അനുവദിക്കൂ.

 

date