Skip to main content

കോവിഡ് രോഗികൾക്ക് ജീവവായു നൽകാൻ പ്രാണ; മാതൃകാ പദ്ധതിയിൽ അണിചേരാം

കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് എല്ലാ ഐ.പി. ബെഡിലും പൈപ്പ്ലൈൻ വഴി ഓക്സിജൻ ലഭ്യമാക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളജിൽ ആരംഭിച്ച 'പ്രാണ-എയർ ഫോർ കെയർ' പദ്ധതി മാതൃകാ പദ്ധതിയാണെന്ന് ഉദ്ഘാടനം നിർവഹിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കോവിഡ് ബാധിച്ച് മരണം സംഭവിക്കുന്നത് ശരീരത്തിൽ ഓക്സിജൻ കുറയുന്നത് കൊണ്ടാണ്. രോഗലക്ഷണം കാണിക്കാതെയാണ് ശരീരത്തിൽ ഓക്സിജൻ കുറയുന്നത്. ഓക്സിജൻ കുറയുന്നില്ലെന്ന് ഉറപ്പുവരുത്തിയാൽ ഒരുപാട് രോഗികളെ നമുക്ക് രക്ഷിക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഗവ മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റിൽ നിന്നും പൈപ്പ് ലൈൻ മുഖേന എല്ലാ ഐ പി ബെഡുകളിലേക്കും നൽകുന്നതിനും അനുബന്ധ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. മെഡിക്കൽ കോളേജ് രൂപീകരിച്ച പ്രത്യേക കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജന പങ്കാളിത്തത്തോടെ നാല് ഘട്ടങ്ങളായി പദ്ധതി പുരോഗമിക്കും. ചെറുതെന്നോ വലുതെന്നോ വ്യതാസമില്ലാതെയുള്ള സാമ്പത്തിക സഹായം ആർക്ക് വേണമെങ്കിലും സംഭാവന ചെയ്യാം. ഒരു ബെഡ് സ്‌പോൺസർ ചെയ്യുന്നതിന് 12000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. രോഗികളുടെ ജീവൻ രക്ഷിക്കാൻ പ്രാണവായു നൽകാൻ സഹായം നൽകാൻ തയാറുള്ളവർ സ്പോൺസർമാരായി മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രി അഭ്യർഥിച്ചു.
നിലവിൽ 1500 ബെഡുകളിലേക്കാണ് ഓക്‌സിജൻ സൗകര്യം എത്തിക്കാനുള്ളത്. കോവിഡ് രോഗികൾക്കായി മെഡിക്കൽ കോളജിന്റെ കീഴിൽ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ പദ്ധതി പുരോഗമിക്കും. മൊത്തം പദ്ധതി തുക 2,18,70,800 രൂപ.

date