പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 254.21 കോടി രൂപ ചികിത്സാ ധനസഹായം നൽകി
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പട്ടികജാതി വിഭാഗത്തിന് 157.34 കോടി രൂപയും പട്ടികവർഗക്കാർക്ക് 96.87 കോടി രൂപയും ചികിത്സാ ധനസഹായമായി നൽകിയെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലൻ പത്രക്കുറിപ്പിൽ അറിയിച്ചു.
82313 പട്ടികജാതിക്കാരും 132109 പട്ടികവർഗക്കാരും ഇതിന്റെ ഗുണഭോക്താക്കളായി. ആശുപത്രികൾ മുഖേന 68751 പട്ടികവർഗക്കാർക്ക് 75,80,29,784 രൂപ ചികിത്സാ ധനസഹായമായി നൽകി. മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 63358 പട്ടികവർഗക്കാർക്ക് 21,06,64,616 രൂപയും ധനസഹായം നൽകി.
പട്ടികജാതി വിഭാഗത്തിനുള്ള ചികിത്സാ ധനസഹായം വേഗത്തിൽ വിതരണം ചെയ്യുന്നതിന് ഓൺലൈൻ മുഖേന അപേക്ഷ നൽകുന്ന സംവിധാനം 2017 സെപ്റ്റംബറിൽ തുടങ്ങി. വലിയ മാറ്റമാണ് ഇതുണ്ടാക്കിയത്. കാലതാമസമില്ലാതെ ധനസഹായം നൽകാൻ ഇതുമൂലം കഴിയുന്നുണ്ട്. പട്ടികവർഗ വിഭാഗക്കാർക്കുള്ള ധനസഹായ വിതരണവും ഓൺലൈൻ വഴിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 2604/2020
- Log in to post comments