മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച ചികിത്സാ സൗകര്യം : ഉണ്യാലില്‍ കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യത്തിലേക്ക് മുഖ്യമന്ത്രി ഓഗസ്റ്റ് മൂന്നിന് ഉദ്ഘാടനം ചെയ്യും
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളവര്‍ക്ക് മികച്ച ചികിത്സ സൗകര്യമൊരുക്കി ഉണ്യാലിലെ തേവര്‍ കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാണ് നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ പ്രവര്‍ത്തിക്കുന്ന തേവര്‍ കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ വിശിഷ്ടാതിഥിയായും പങ്കെടുക്കും.
വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപയും നാഷനല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന ആശുപത്രിയെ സംസ്ഥാന സര്‍ക്കാര്‍ മികച്ചതാക്കി മാറ്റിയത്. ഒ.പി പ്രവര്‍ത്തനം വൈകീട്ട് ആറു വരെയാക്കിയും. പുതിയ ഫാര്‍മസി കെട്ടിടം നിര്‍മ്മിച്ചും രോഗികള്‍ക്കായി ടോക്കണ്‍ സംവിധാനം നടപ്പാക്കിയുമാണ് പുതിയ ക്രമീകരണം. രോഗികളുടെ വിശ്രമ കേന്ദ്രം നവീകരിച്ചും ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍ സജ്ജീകരിച്ചും ടെലിവിഷന്‍ സ്ഥാപിച്ചും ചുറ്റുമതില്‍ പുനര്‍ നിര്‍മ്മിച്ചും ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്. ഭൗതിക സാഹചര്യ വികസനത്തിന്റെ ഭാഗമായി ആധുനികവത്കരിച്ച ലാബ് ഒ.പി കെട്ടിടത്തിലേക്ക് മാറ്റും. കുട്ടികള്‍ക്കായി കളിസ്ഥലവും പൂന്തോട്ടവും തയ്യാറാക്കും. പ്രവേശന കവാടവും നിര്‍മിക്കും.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ ഭാവിയില്‍ ഡോക്ടര്‍മാര്‍ , സ്റ്റാഫ് നഴ്സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ലാബ് ടെക്നീഷ്യന്‍സ് എന്നിവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. നിറമരുതൂര്‍, വെട്ടം പഞ്ചായത്തുകള്‍, താനൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ നിന്നായി പ്രതിദിനം മുന്നൂറോളം രോഗികള്‍ തേവര്‍ കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ എം.എന്‍ നിഷാന്ത് പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളമായി തേവര്‍ കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈകീട്ട് ആറ് വരെ ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
- Log in to post comments