Skip to main content

പൊന്നാനി നഗരസഭയില്‍  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി: സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

 

കോവിഡ് ചികിത്സയ്ക്കായി പൊന്നാനി നഗരസഭ കൊല്ലന്‍ പടിയിലെ എവറസ്റ്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. സെന്ററിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോവിഡ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ ബദല്‍ സൗകര്യങ്ങളുടൈ ഭാഗമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെന്ന് സ്പീക്കര്‍ ചടങ്ങില്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും ട്രീറ്റ്മെന്റ് സെന്ററുകള്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്  വ്യക്തിപരമായ നിയന്ത്രണങ്ങള്‍ പാലിച്ച് ആത്മവിശ്വാസത്തോടെ കോവിഡിനെ പ്രതിരോധിക്കാമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് ടെസ്റ്റ് പോസിറ്റീവായ കേസുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ചികിത്സ നല്‍കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കുന്ന  ജനകീയ രോഗ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. കോവിഡ് സാമൂഹ്യ വ്യാപനമുണ്ടായാല്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ അവശ്യസൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്.

നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ  ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റീന പ്രകാശന്‍, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, എ.കെ ജബ്ബാര്‍, തഹസില്‍ദാര്‍ വിജയന്‍, നഗരസഭാ കോവിഡ് നോഡല്‍ ഓഫീസര്‍ എസ്.എ വിനോദ് കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍, നഗരസഭാ എഞ്ചിനീയര്‍ ജെ.സുരേഷ് കുമാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത് തുടങ്ങിയവര്‍  പങ്കെടുത്തു.

date