Skip to main content

എടയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റര്‍ അറിയിച്ചു. പൂക്കാട്ടിരി വി.പി ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ 50 ബെഡുകളാണ് ഒരുക്കുന്നത്. ഒരു ലക്ഷം രൂപ ചെലവഴിച്ച് പ്രത്യേകം ക്യാബിനുകളാക്കി തിരിക്കുന്നതുള്‍പ്പടെയുള്ള ജോലികളാണ് ഓഡിറ്റോറിയത്തില്‍ പൂര്‍ത്തീകരിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ആവശ്യമായ ബെഡുകള്‍ നല്‍കുക. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പുന്റെയും നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.  പ്രായമായവരും കുട്ടികളും റിവേഴ്സ് ക്വാറന്റീന്‍ പാലിക്കുന്നത് ഉറപ്പ് വരുത്തും. പൊതുജന  ബോധവത്കരണത്തിന്റെ ഭാഗമായി വാഹന അനൗണ്‍സ്മെന്റും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന്  പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റര്‍ അറിയിച്ചു.

date