പെട്രോള്‍ ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തനമൂലധന വായ്പ നല്‍കും. സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുളള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 വയസില്‍ കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ, സ്ഥിരം ജോലിയുളളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മുമ്പ് വായ്പയ്ക്ക് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. വെളളക്കടലാസില്‍ തയാറാക്കിയ പ്രാഥമിക അപേക്ഷ, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം 'മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20' വിലാസത്തില്‍ മാര്‍ച്ച് 12-ന് മുമ്പ് ലഭിക്കണം.
- Log in to post comments