Skip to main content

റേഷൻ കാർഡ്: 1163 അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റി; അവസാന തീയതി ഇന്ന് (ജൂലൈ 31)

ജില്ലയിൽ 1163 അനർഹരായ റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റി. 79 എ എ ഐ (മഞ്ഞ) കാർഡ് കൈവശമുള്ളവരെയും 1084 പി എച്ച് എച്ച് (പിങ്ക്) കാർഡുകൾ കൈവശമുള്ള വരെയും കണ്ടെത്തിയാണ് പൊതു വിഭാഗത്തിലേക്ക് മാറ്റിയത്. റേഷൻ കാർഡ് അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇന്ന് (ജൂലൈ 31) വരെയാണ് പൊതു വിഭാഗത്തിലേക്ക് കാർഡുകൾ മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അനുവദിച്ചിരിക്കുന്നത്. തൃശൂർ-422, തലപ്പിള്ളി- 124, ചാവക്കാട്-70, മുകുന്ദപുരം-222, ചാലക്കുടി-245, കൊടുങ്ങല്ലൂർ-80 എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള ജൂൺ, ജൂലൈ മാസങ്ങളിലെ പൊതുവിഭാഗത്തിലേക്ക് മാറ്റിയവരുടെ കണക്ക്.
ആഗസ്റ്റ് ഒന്നുമുതൽ അനർഹ മുൻഗണന കാർഡുകൾ ഉപയോഗിച്ച് റേഷൻ വാങ്ങുന്നവർക്ക് അവശ്യ സാധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 50,000 രൂപ പിഴയും ഒരു വർഷം തടവും ലഭിക്കും. അനർഹമായി റേഷൻ വിഹിതം കൈപ്പറ്റുന്നവരിൽ നിന്നും കാർഡുകൾ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില ഈടാക്കും. മുൻഗണനാ പട്ടികയിലുള്ള കേന്ദ്ര, സംസ്ഥാന ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ളവർ, സർവീസ് പെൻഷൻകാർ, 1,000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ, പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുള്ളവർ എന്നിവർക്കെതിരെയാകും നടപടി വരിക.
ആധാർ ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകാർക്കും ആഗസ്റ്റ് മാസം മുതൽ റേഷനില്ല. കാർഡുകളിൽ ഉൾപ്പെട്ട മരിച്ചു പോയവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നീക്കം ചെയ്യാമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date