മാതൃകയാക്കാം കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ 'മിഷൻ സേഫ് കോട്ടൂർ ' പദ്ധതി
കേരളത്തിന്റെ കാർഷിക സംസ്കൃതിയിൽ വലിയ പങ്കാണ് ക്ഷീരമേഖലക്കുള്ളത്. ക്ഷീരകർഷകർക്ക് കൈത്താങ്ങാവാൻ മാതൃകപരമായ പദ്ധതി ആവിഷ്കരിച്ച് അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ് കോട്ടൂർ ഗ്രാമപഞ്ചായത്ത്. 'മിഷൻ സേഫ് മിൽക്ക് കോട്ടൂർ ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മറ്റ് ഗ്രാമ പഞ്ചായത്തുകൾക്കും അനുകരണീയമായ മാതൃകയാണ്. ഒരു സൊസൈറ്റിയുടെ കീഴിലെ എല്ലാ കര്‍ഷകരുടെയും പാലുല്‍പ്പാദന ഘട്ടങ്ങള്‍ ശാസ്ത്രീയമായി ഏകീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മാസ്കും തൊപ്പിയും ഗ്ലൗസുമണിഞ്ഞ് വ്യക്തിശുചിത്വം പാലിച്ച് പശുവിനെ പരിപാലിക്കുന്ന ക്ഷീരകർഷകരെയാണ് കോട്ടൂർ പഞ്ചായത്തിൽ കാണുക. ശാസ്ത്രീയമായി നിർമ്മിച്ച തൊഴുത്ത്, വ്യക്തിശുചിത്വം പാലിക്കുന്ന ക്ഷീരകർഷകർ, അണുവിമുക്തമായ പാൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാൻ കോട്ടൂർ ഗ്രാമപഞ്ചായത്തിനു സാധിച്ചു. പദ്ധതി നടപ്പിലാക്കിയതോടെ പാലുൽപാദനത്തിലും വലിയ വർധനവുണ്ടായി. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഗുണഭോക്താക്കൾ 150 ക്ഷീരകർഷകരാണ്.
പാലുൽപ്പാദനത്തിനൊപ്പം ഗുണമേന്മയുള്ള പാലുപയോഗിച്ച് പാലുൽപന്നങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഈ കർഷകർ. ഈ വർഷം തന്നെ ശ്രമം ഫലം കാണുമെന്നാണ് പ്രതീക്ഷ. മൃഗ സംരക്ഷണ വകുപ്പ് വെറ്റിനറി ഡിസ്‌പെൻസറി വഴി കോട്ടൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ ഈ പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായം ലഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സംരംഭങ്ങളിലൊന്നായ മിൽമയും കോട്ടൂർ പഞ്ചായത്തിന്റെ പദ്ധതിക്ക് നൂറിൽ നൂറ് മാർക്ക് നൽകി. കൂടുതൽ ഗുണമേന്മയുള്ള പാലുല്പാദിപ്പിച്ച 30 കർഷകർക്ക് മിൽമ ഇൻസെന്റീവ് നൽകി. വൃത്തിയും ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കൾക്ക് നൽകാൻ കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് സാധിക്കുന്നു.
തൊഴുത്ത് നവീകരണം, സുരക്ഷാ ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവയ്ക്കെല്ലാം മൃഗസംരക്ഷണ വകുപ്പ് സഹായം നൽകി. പശുക്കളുടെ മൂത്രവും ചാണകവും വേർതിരിച്ച് സംസ്കരിക്കാനുള്ള സൗകര്യവും ശാസ്ത്രീയമായി നിർമ്മിച്ച തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്. പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയതോടെ നിരവധി കർഷകരാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. തീറ്റപ്പുൽ കൃഷിയും ഇതിനൊപ്പം ആരംഭിക്കാൻ ശ്രമിക്കുന്നതായി വെറ്റിനറി ഡോക്ടർ പി.പി ബിനീഷ് പറഞ്ഞു
- Log in to post comments