ബക്രീദ് ആഘോഷം: മുന്‍കരുതലെടുത്തും നിര്‍ദേശങ്ങള്‍ പാലിച്ചും വേണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്
കോവിഡിന്റെ പശ്ചാത്തലത്തില്‍ ബക്രീദ് ആഘോഷം മതിയായ മുന്‍കരുതലെടുത്തും നിര്‍ദേശങ്ങള്‍ പാലിച്ചും നടത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. 100 ചതുരശ്ര അടി സ്ഥലത്ത് 15 പേര് എന്ന കണക്കില്‍ പരമാവധി 100 വിശ്വാസികളെ ഉള്‍പ്പെടുത്തി മാത്രമേ പ്രാര്‍ഥന/നിസ്ക്കാരം നടത്താന്‍ പാടുള്ളു. വ്യക്തികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിച്ചിരിക്കണം. മാസ്ക്ക് ധരിച്ചായിരിക്കണം പ്രാര്‍ഥന/നിസ്ക്കാരം നടത്തേണ്ടത്. ഇതിനു മുന്‍പും, ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കണം.
പള്ളികളില്‍ സമൂഹ പ്രാര്‍ഥന/നിസ്ക്കാരത്തിന് എത്തുന്ന വിശ്വാസികളുടെ എണ്ണം സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം പരമാവധി പരിമിതപ്പെടുത്തണം. കഴിഞ്ഞ 14 ദിവസത്തിനിടെ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മറ്റ് കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടുളളവര്‍ സമൂഹ പ്രാര്ഥനയിലോ, നിസ്ക്കാരത്തിലോ പങ്കെടുക്കരുത്.
ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുള്ളവര്‍ വീടിനകത്തും, പുറത്തുമുള്ള യാതൊരു ആചാര/ ആഘോഷങ്ങളിലും പങ്കെടുക്കാന്‍ പാടില്ല. നിസ്ക്കാരത്തിന് മുന്‍പ് ശരീരശുദ്ധി വരുത്തുന്നതിന് വാട്ടര്‍ടാപ്പ് മാത്രമേ ഉപയോഗിക്കാവു. പൊതുവായ ജലസംഭരണിയോ, മഗ്, ബക്കറ്റ് എന്നിവയോ ഉപയോഗിക്കാന്‍ പാടില്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ മേല്പറഞ്ഞ എല്ലാ പ്രവൃത്തികളും നിരോധിച്ചിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി, തിരുവല്ല സബ്കളക്ടര്‍, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
- Log in to post comments