രോഗവ്യാപനമുണ്ടായാൽ പ്രായമായവരെ കൂടുതൽ ബാധിക്കും,വരുദിവസങ്ങളിൽ ജാഗ്രത കർശനമാക്കണം: മന്ത്രി എ.കെ ബാലൻ
കോവിഡ് രോഗ പ്രതിരോധത്തിന് ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ, നിയമ സാംസ്കാരിക, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത, എംപിമാർ, എം എൽ എ മാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പട്ടാമ്പിയിൽ ക്ലസ്റ്റർ രൂപപ്പെട്ടതൊഴിച്ചാൽ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടന്നത്. ഇപ്പോഴും മികച്ച പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ ഇനിയുള്ള ഒരു മാസം രോഗവ്യാപനം കൂടാൻ സാധ്യതയുണ്ട്. ഇപ്പോൾ പ്രായം കുറഞ്ഞവർക്കാണ് കൂടുതൽ രോഗബാധ ഉള്ളത്. രോഗവ്യാപനം വർധിച്ചാൽ അത് കൂടുതൽ പ്രായമുള്ളവരിലേക്കു ബാധിക്കാൻ സാധ്യതയുണ്ട്. അത് മരണനിരക്ക് കൂടാൻ ഇടയാക്കും. അതിനാൽ രോഗവ്യാപനം തടയാൻ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനം നടക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഫലപ്രദമാക്കണം. ഇതിന് ജനപ്രതിനിധികൾ സഹകരിക്കണം.
രോഗപ്രതിരോധത്തിനുള്ള നിയന്ത്രണ നടപടികൾക്ക് പൊലീസിന് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ നടപടികൾ കർശനമാക്കും. പട്ടാമ്പിയിൽ ക്ലസ്റ്റർ രൂപപ്പെട്ടെങ്കിലും അത് അവിടെ തന്നെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. ജില്ലയിൽ 33 പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോണുകൾ ആയുണ്ട്. ജില്ലയിൽ ആകെ 48106 ടെസ്റ്റുകൾ ഇതിനകം നടത്തി. ഇതിൽ 16159 എണ്ണവും ആന്റിജൻ ടെസ്റ്റ് ആണ്. ആവശ്യത്തിനുള്ള മരുന്നും ഉപകരണങ്ങളും കരുതിയിട്ടുണ്ട്. ഇതിനകം 116 കേന്ദ്രങ്ങൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ ആക്കാനായി കണ്ടെത്തിയിട്ടുണ്ട്. അവിടങ്ങളിൽ ആവശ്യമുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുകയാണ്. 11990 കിടക്കകൾ ഇവിടെ ഒരുക്കാൻ കഴിയും. പുതുശ്ശേരിയിൽ കിൻഫ്ര പാർക്കിൽ 1000 കിടക്കകൾ ഒരുക്കുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത എല്ലാവരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ തന്നെ ചികിൽസിച്ച് സുഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവിടങ്ങളിൽ അതിനുള്ള സംവിധാനങ്ങളൊരുക്കാനും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാനുമുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് ആവശ്യമുള്ള തുകയെടുത്തു ഇവിടേക്കുള്ള പ്രവർത്തനങ്ങൾ നടത്താം. പിന്നീട് അതിനു അംഗീകാരം നേടിയാൽ മതി.
ഓരോ മണ്ഡലത്തിലെയും പ്രവർത്തനങ്ങൾ വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും
പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, അതാതു പ്രദേശങ്ങളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗം എം എൽ എമാർ വിളിച്ചുചേർക്കാൻ മന്ത്രി എ.കെ ബാലൻ നിർദേശിച്ചു.
എല്ലാ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇനിയുള്ള നാളുകളിൽ രോഗപ്രതിരോധത്തിനായി കർശന നടപടികളാണ് സ്വീകരിക്കുകയെന്നും ജനങ്ങൾ അതിനോട് പൂർണമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനം പൂർണവിജയമാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
യോഗത്തിൽ വി കെ ശ്രീകണ്ഠൻ എം.പി, എം .എൽ.എ മാരായ വിടി ബൽറാം, മുഹമ്മദ് മുഹ്സിൻ, പി കെ ശശി, കെ.വി വിജയദാസ്, ഷാഫി പറമ്പിൽ. കെ ബാബു, കെ ഡി പ്രസേനൻ, വി എസ് അച്യുതാനന്ദന്റെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് *അഡ്വ.കെ.ശാന്തകുമാരി* ജില്ലാ കളക്ടർ ജില്ലാ പോലീസ് സുപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയവരും പങ്കെടുത്തു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ പൊതുവിൽ തൃപ്തി രേഖപ്പെടുത്തി. ടെസ്റ്റ് ഫലം വൈകുന്ന ചില കേസുകൾ ശ്രദ്ധയിൽ പെട്ടു. എന്നാൽ ആന്റിജൻ പരിശോധന വന്ന ശേഷം പരിശോധനാ ഫലം വേഗം നൽകാൻ കഴിയുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
- Log in to post comments