ലൈഫ് ഭവന പദ്ധതി: പുതുക്കിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നു
· ആഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷിക്കാം
ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെയും അര്‍ഹരായവരെയും ഉള്‍പ്പെടുത്തി പുതുക്കിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നു. 2017 ലെ ലൈഫ് പട്ടികയില്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെയും 2017 ന് ശേഷം അര്‍ഹത നേടിയവരെയുമാണ് പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ആഗസ്റ്റ് ഒന്നു മുതല്‍ പതിനാല് വരെ അപേക്ഷ സമര്‍പ്പിക്കാം. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍, മറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്നിവ കൂടാതെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങള്‍ ഭൂമി ഇല്ല എന്നു കാണിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, മുന്‍ഗണന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമര്‍പ്പിക്കണം.
2017ലെ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍കാര്‍ഡ് തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരാണെങ്കില്‍ പുതിയതായി അപേക്ഷ നല്‍കണം. പി.എം.എ.വൈ/ആശ്രയ/ലൈഫ് സപ്ലിമെന്ററി ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും വീട് ലഭിക്കാതിരുന്നവരും പുതിയ അപേക്ഷ നല്‍കണം. ലൈഫ് മിഷന്‍ തയ്യാറാക്കി വരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗക്കാരുടെ ലിസ്റ്റില്‍ അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവര്‍, ലൈഫ് മിഷന്റെ മുന്‍ഘട്ടങ്ങളില്‍ യോഗ്യത നേടിയിട്ടും ഇതുവരെ സഹായം ലഭിക്കാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകര്‍ 2020 ജൂലൈ ഒന്നിന് മുമ്പുള്ള റേഷന്‍ കാര്‍ഡുള്ള കുടുംബം ആയിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തോഴിലാളി വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു അംഗത്തിന്റെ പേരില്‍ നിലവില്‍ വീടുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം തൊഴിലാളി അല്ലെങ്കില്‍ വിരമിച്ചവര്‍ അംഗങ്ങളായുള്ള കുടുംബങ്ങളും അപേക്ഷിക്കേണ്ടതില്ല. വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഗ്രാമ പഞ്ചായത്തുകളില്‍ 25 സെന്റിലധികമോ നഗരങ്ങളില്‍ 5 സെന്റിലധികമോ ഭൂമി സ്വന്തമായുള്ളവരെയും, ഉപജീവന ഉപാധിയെന്ന നിലയിലല്ലാതെ നാലു ചക്ര വാഹനം സ്വന്തമായുള്ളവരെയും അര്‍ഹരായി പരിഗണിക്കില്ല. ജീര്‍ണിച്ച് വാസയോഗ്യമല്ലാത്തതും യാതൊരു സാഹചര്യത്തിലും അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത ഭവനങ്ങള്‍ ഉള്ളവരെ നിബന്ധനകള്‍ക്ക് വിധേയമായി പരിഗണിക്കും. ഭൂമിയുള്ള ഭവനരഹിതരെയും ഭൂരഹിത ഭവനരഹിതരെയും പരിഗണിക്കും. ഭൂരഹിതരായ ഭവന രഹിതരുടെ പേരിലോ റേഷന്‍കാര്‍ഡിലുള്ള കുടുംബാംഗങ്ങളുടെ പേരിലോ പാരമ്പര്യമായോ ഭൂമി ഉണ്ടാകരുത്. റേഷന്‍ കാര്‍ഡിലെ ഒന്നിലധികം അംഗങ്ങളുടെ പേരില്‍ ഭൂമി ഉണ്ടാകുകയും ആകെ ഭൂമി 3 സെന്റില്‍ കുറവാകുകയും ചെയ്താല്‍ ഭൂരഹിതരായി പരിഗണിക്കും.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, അഗതി ആശ്രയ ഗുണഭോക്താക്കള്‍, ഭിന്നശേഷിയുള്ളവര്‍, ഭിന്ന ലിംഗക്കാര്‍, കാന്‍സര്‍,ഹൃദ്രോഗം പോലെയുള്ള രോഗം ബാധിച്ചവര്‍, അവിവാഹിതരായ അമ്മമാര്‍ കുടുംബനാഥയായിട്ടുള്ളവര്‍, രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാന്‍ കഴിയാത്ത കുടുംബനാഥന്‍, വിധവയായ കുടുംബനായുള്ള കുടുംബം, എച്ച്.ഐ.വി ബാധിതരുള്ള കുടുംബം തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും.
- Log in to post comments