Skip to main content

ജൽ ജീവൻ മിഷൻ: ഇതുവരെ അംഗീകരിച്ചത് 666 പദ്ധതികൾ

നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്ത് 21.42 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായ 666 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 14 ജില്ലകളിലും ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ സമിതി കൂടിയാണ് 13.64 ലക്ഷം കണക്ഷനുകൾ നൽകാനായുള്ള 3407.04 കോടി രൂപയുടെ 666 വിശദ എൻജിനീയറിങ് റിപ്പോർട്ടുകൾ (ഡി ഇ ആർ)  അംഗീകാരം നൽകിയത്.
പദ്ധതി നിർവഹണത്തിനായി പഞ്ചായത്തുതലങ്ങളിലും ജില്ലാതലങ്ങളിലും സംസ്ഥാനതലത്തിലുമായി വിവിധ സമിതികൾ ഊർജിതമായ പ്രവർത്തനം ആരംഭിച്ചു. 2020-2021ലേക്കുള്ള പദ്ധതിയായി 21.42 ലക്ഷം കണക്ഷനുകൾ നൽകാനുള്ള പ്രവൃത്തികളുടെ വിശദമായ എൻജിനീയറിങ് റിപ്പോർട്ടും പഞ്ചായത്ത്തല കർമ പഞ്ചായത്തുകളിൽ നൽകിക്കഴിഞ്ഞു. ഈ വർഷത്തെ പദ്ധതിയിൽ 791 പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. 2020 ജൂലൈ 27വരെ 704 പഞ്ചായത്തുകളിൽ ഡി ഇ ആർ സമർപ്പിച്ചു. 668 പഞ്ചായത്തുകളിൽ നിന്നും പദ്ധതി അംഗീകരിച്ചുള്ള പ്രമേയം ലഭിച്ചു.  14 ജില്ലകളിൽ ഡിഡബ്ല്യു എസ് എം  സമിതികൾ യോഗം ചേർന്നു. സംസ്ഥാന തലത്തിലെ പദ്ധതി അംഗീകരിക്കാനായി സ്റ്റേറ്റ് വാട്ടർ & സാനിറ്റേഷൻ മിഷൻ ഈ മാസം അഞ്ചിന് (ആഗസ്റ്റ് അഞ്ച്) ചേരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും 2024 ഓടെ  കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയാണ് ജല ജീവൻ മിഷൻ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ നിലവിൽ 67.41 ലക്ഷം ഗ്രാമീണ ഭവനങ്ങളാണ് ഉള്ളത്. ഇതിൽ  17.5 ലക്ഷം വീടുകളിൽ മാത്രമാണ് ഇപ്പോൾ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നുള്ളൂ. 49.65 ലക്ഷം വീടുകളിൽ കൂടി ഇനി കണക്ഷൻ നൽകേണ്ടതുണ്ട്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ 50:50 എന്ന അനുപാതത്തിലാണ് വിഹിതം വഹിക്കുന്നത്. 15 ശതമാനം വിഹിതം പഞ്ചായത്താണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ  എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃവിഹിതമായും ഉറപ്പാക്കണം.
പദ്ധതി നിർവ്വഹണത്തിനായി കേരള ജല അതോറിറ്റി വിവിധ തലങ്ങളിൽ പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റ്  (പി ഐ യു) രൂപീകരിച്ചു. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ജല അതോറിറ്റി ആസ്ഥാന കാര്യാലയത്തിൽ പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പ്രവർത്തിക്കും. സൂപ്രണ്ടിംഗ്  എൻജിനീയർമാരുടെ നേതൃത്വത്തിൽ ജില്ലാതല പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഓരോ പഞ്ചായത്തിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് ഇൻ ചാർജുമാരെ നിയോഗിച്ചിട്ടുണ്ട്.
നിലവിലെ പദ്ധതികളുടെ  നവീകരണത്തിലൂടെയും പൈപ്പ് ലൈൻ വിപുലീകരിച്ചും 13.12 ലക്ഷം കണക്ഷൻ നൽകാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പ്രവൃത്തികൾ പുരോഗമിക്കുന്ന പദ്ധതികളിൽനിന്നും 8.3 ലക്ഷം കണക്ഷനുകളും നൽകാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള 27.7 ലക്ഷം വീടുകൾക്ക് കണക്ഷൻ നൽകാനായി പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും.
2020-21 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതി വഴി 21.42 ലക്ഷം കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ഈ പദ്ധതിയുടെ നടത്തിപ്പ് പുരോഗതി സംബന്ധിച്ച്, കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ്  ഷെഖാവത്തും  കേരള മുഖ്യമന്ത്രി പിണറായി വിജയനും  2020 ജൂലൈ 30ന്, ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ വിഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തി. പദ്ധതി നടത്തിപ്പിനായി കേരളം സ്വീകരിച്ച മൈക്രോ ലെവൽ പ്ലാനിങ് രീതിയെ കേന്ദ്രസംഘം അഭിനന്ദിച്ചു. 2020-21ലേക്കായി 6,377 കോടി രൂപയുടെ വാർഷിക പ്രവർത്തന പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ട്.  ആകെ തുകയിൽ കേന്ദ്ര വിഹിതം 2869.5 കോടിയും (45 ശതമാനം) സംസ്ഥാന വിഹിതം 1913 കോടിയും (30  ശതമാനം)  പഞ്ചായത്ത് വിഹിതം 956.5 കോടിയും (15 ശതമാനം) ഗുണഭോക്തൃവിഹിതം 637.7 കോടിയും (10 ശതമാനം) ആണ്. പതിനഞ്ചാം  ധനകാര്യ കമ്മിഷന്റെ, പഞ്ചായത്തുകൾക്കുള്ള ഗ്രാന്റ് പഞ്ചായത്ത് വിഹിതത്തിനായി ഉപയോഗിക്കാനാകും. സംസ്ഥാനം ഇതിനകം തന്നെ 400 കോടി രൂപ ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുവാനായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ജല വിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
പി.എൻ.എക്‌സ്. 2624/2020

date