Skip to main content

കൂത്താളിയുടെ കുടുംബശ്രീ; ഇതൊരു വിജയശ്രീ

 

 

സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിന് ഊന്നൽ നൽകി ഓരോ ചുവടും മുന്നോട്ടുവെക്കുകയാണ്  കൂത്താളി ഗ്രാമ പഞ്ചായത്തിലെ  കുടുംബശ്രീ സി ഡി എസ്.
അംഗങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സൂക്ഷ്മ തൊഴിൽ സംരംഭക പദ്ധതികളിൽ ഉൾപ്പെടുത്തി വനിതാ ശിങ്കാരിമേളം, വനിത കാന്റീൻ എന്നിവ ഉൾപ്പെടെ എട്ടു സംരംഭ ഗ്രൂപ്പുകളാണ്  പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം പദ്ധതിയിലുൾപ്പെടുത്തി 56 സംരംഭങ്ങളും   ഇതിനു കീഴിലുണ്ട്.
കുടുംബശ്രീ അംഗങ്ങളുടെ കുട്ടികളുടെ സമഗ്ര വികസനത്തിന് സാമൂഹ്യ അധിഷ്ഠിത അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെ 40 ബാലസഭകളാണ് സിഡിഎസിന് കീഴിൽ പ്രവർത്തിച്ചു വരുന്നത്. കൂടാതെ
സമൂഹത്തിൽ ഒറ്റപ്പെട്ടവർക്ക് താങ്ങും തണലുമായി കുടുംബശ്രീ പ്രവർത്തിക്കുന്നു.
ആശ്രയ പദ്ധതി(അഗതിരഹിത കേരളം)പ്രകാരം പ്രത്യേക സർവേ നടത്തി 84 കുടുംബങ്ങളെ കണ്ടെത്തി അവർക്ക്
ആവശ്യമായ ഭക്ഷണം, ചികിത്സ, വസ്ത്രം എന്നിവയെത്തിക്കാനും കുടുംബശ്രീക്കായി. ഈ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, മെഡിക്കൽ ക്യാമ്പുകൾ എന്നിവയും  സംഘടിപ്പിച്ചു.

മൈക്രോ ക്രെഡിറ്റ് പ്രവർത്തനങ്ങളിലൂടെ  ചെറുകിട വായ്പ സൗകര്യങ്ങളും  ലിങ്കേജ് ലോൺ അടക്കമുള്ളവയും അംഗങ്ങൾക്ക് നൽകിവരുന്നുവെന്ന്  സി ഡി എസ് ചെയർപേഴ്‌സൺ ടി പി സരള പറഞ്ഞു.

സ്‌ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് അവബോധം നൽകാനും   അവകാശങ്ങളെക്കുറിച്ച്  ബോധവതികളാക്കാനും സിഡിഎസിൽ ജെൻഡർ റിസോഴ്സ് സെന്റർ(ജി ആർ സി) പ്രവർത്തിക്കുന്നു.  ഇവിടെ കൗൺസിലിംഗ്  സേവനങ്ങൾ നൽകുന്നുണ്ട്.  പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വാർഡ് തലത്തിൽ വിജിലൻറ് ഗ്രൂപ്പുകൾ രൂപികരിക്കയും ജെൻഡർ ബോധവത്കരണ ക്ലാസ്സ്, സ്നേഹിത വാരാചാരണം, നീതംസഹയാത്ര സംഗമം, സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്നേഹിത കോളിംഗ് ബെൽ എന്നീ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് കൂടുതൽ വിദ്യാഭ്യാസവും   തൊഴിലും നേടിക്കൊടുക്കുന്നതിലും കുടുംബശ്രീ ശ്രമകരമായ നീക്കമാണ് നടത്തിയത്.
രോഗബാധിതരായ കുടുംബശ്രീ അംഗങ്ങളെയും ആശ്രയ കുടുംബങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്നേഹ നിധി പദ്ധതിയും ശ്രദ്ധേയമാണ്.

date