നിർദ്ദിഷ്ട കപ്പൽപാത കേരളതീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ നടപ്പാക്കുന്നത് അഭികാമ്യം: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ
മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും അവരുടെ മത്സ്യബന്ധന അവകാശം സുരക്ഷിതമാക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആഗസ്റ്റ് ഒന്ന് മുതൽ നടപ്പാക്കുന്ന നിർദ്ദിഷ്ട കപ്പൽപ്പാത കേരള തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ എങ്കിലും നടപ്പാക്കുന്നതായിരിക്കും അഭികാമ്യമെന്ന് ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ചൂണ്ടിക്കാട്ടി.
നിർദ്ദിഷ്ട കപ്പൽപാത കേരള തീരത്തിനരികിൽകൂടി നടപ്പാക്കുന്നത് സംബന്ധിച്ച് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന് രണ്ടാമത്തെ നിവേദനം നൽകുന്നതിന് വിളിച്ച് ചേർത്ത വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നപ്പോൾ തന്നെ സംസ്ഥാനത്തിന്റെ ആശങ്കകൾ മത്സ്യത്തൊഴിലാളികളുടെ യോഗം വിളിച്ചു പൊതു അഭിപ്രായമായി കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. 2018 നവംബർ 22 -ന് തന്നെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് പ്രത്യേകം തയ്യാറാക്കിയ നിവേദനം ഇന്ത്യയിൽ ആദ്യം തന്നെ സംസ്ഥാനം സമർപ്പിച്ചിരുന്നു. എന്നാൽ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ കേരളത്തിന്റെ അഭിപ്രായങ്ങൾ വേണ്ടരീതിയിൽ പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോയതെന്ന് ഇപ്പോഴത്തെ അവരുടെ തീരുമാനം വെളിവാക്കുന്നത്.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്തെ സമുദ്ര പാത വിഴിഞ്ഞത്തിനും ബേപ്പൂരിനുമിടയിൽ തീരത്തു നിന്നും 12 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ്. ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏറ്റവും കൂടുതൽ മത്സ്യ ഉല്പാദന ശേഷിയുള്ള മേഖലയാണിത്. കടലിലേക്ക് ഒഴുകിയെത്തുന്ന നദികളാൽ സമ്പുഷ്ടമായതിനാലാണ് ഇവിടെ മത്സ്യോല്പാദനം കൂടുതൽ ഉണ്ടാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധന യാനങ്ങൾ ഇവിടെയാണ്. ഏകദേശം 38,000 മത്സ്യബന്ധന യാനങ്ങളാണ് ഇവിടെ ഉള്ളതെന്ന് കണക്കുകൾ വെളിവാക്കുന്നു. നിർദ്ദിഷ്ട കപ്പൽപ്പാത ഈ മേഖലയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകുന്നതിനാൽ കപ്പലുകളും ബോട്ടുകളും ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇനിയും വർധിക്കാനാണ് സാധ്യത.
ഇറ്റാലിയൻ കപ്പൽ മത്സ്യബന്ധ ബോട്ടിൽ ഇടിച്ച് അപകടമുണ്ടായത് നമ്മളെല്ലാം ഓർക്കുന്ന കാര്യമാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നത് അപകടസാധ്യത കൂട്ടുന്നതാണ്. കപ്പൽ ചാനൽ ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അത് 50 നോട്ടിക്കൽ മൈലിന് പുറത്ത് കൂടിയാകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിലെ ചർച്ചാ വിഷയങ്ങളും കോർത്തിണക്കി ഒരു നിവേദനം കൂടി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് കൂട്ടായി ബഷീർ, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പീറ്റർ, ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽ, ആൾ കേരള ബോട്ട് അസോസിയേഷൻ പ്രതിനിധികളായ ജോസഫ് സേവിയർ കളപ്പുരയ്ക്കൽ, ഉമ്മൻ ഓട്ടുമ്മൻ (എസ്.റ്റി.യു.), ശിവദാസ് (ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ), പുല്ലുവിള സ്റ്റാൻലി (കേരള സംസ്ഥാന അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ), ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 2610/2020
- Log in to post comments