മികച്ച സൗകര്യങ്ങളുമായി ഏലംകുളം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു: ഉദ്ഘാടനം ഇന്ന്(ഓഗസ്റ്റ് മൂന്ന്) മുഖ്യമന്ത്രി നിര്‍വഹിക്കും
ഏലംകുളം പ്രാഥമികാരോഗ്യ കേന്ദ്രം ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി മികച്ച സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു. ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് മൂന്ന്) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. നാഷനല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള 17 ലക്ഷം രൂപയും പഞ്ചായത്തു വക അഞ്ചുലക്ഷവും സന്നദ്ധ പ്രവര്‍ത്തകരുടെ സ്പോണ്ഗക്ത ഷിപ്പിലൂടെ ലഭിച്ച നാലര ലക്ഷം രൂപയും വിനിയോഗിച്ചാണ് ഏലംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നത് .
പ്രതിദിനം 250 ഓളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ മികച്ച സൗകര്യങ്ങളാണ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ആറ് വരെ ഒ.പി സൗകര്യവും ടോക്കണും ഒരുക്കിയിട്ടുണ്ട്. രോഗികളുടെ വിശ്രമകേന്ദ്രത്തിന്റെ നവീകരണം, ഡോക്ടര്‍മാരുടെ മുറികളില്‍ എ.സി, ഫര്‍ണിച്ചറുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കല്‍, ഫാര്‍മസി, കുട്ടികളുടെ വാക്സിന് സൂക്ഷിക്കുന്ന സ്റ്റോറേജ് മുറി എന്നിവിടങ്ങളില്‍ എ.സി ഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആശുപത്രിയില്‍ നടത്തിയിട്ടുണ്ട്. വനിതാ ശിശുസൗഹൃദ രീതിയില്‍ നവീകരിച്ച ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നതിനായി പ്രത്യേക മുറിയും, കുട്ടികള്‍ക്കായുള്ള കളിസ്ഥലവും, സജ്ജമാക്കിയിട്ടുണ്ട്.
സാധാരണ ഒ.പി വിഭാഗത്തിന് പുറമെ ആഴ്ചയില്‍ രണ്ടു തവണ ശിശുരോഗ വിദഗ്ധരുടെയും മാസത്തില്‍ ഒരു തവണ നേത്രരോഗ വിദഗ്ധന്റെയും സേവനം ആശുപത്രിയില്‍ ലഭിക്കും. ഫിസിയോ തെറാപ്പി യൂനിറ്റും ആശുപത്രിയിലുണ്ട്. ആവശ്യമെങ്കില്‍ കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തിയും ഫിസിയോ തെറാപ്പി ചെയ്തു നല്‍കുന്നുണ്ട്. ആംബുലന്‍സ് സൗകര്യവും ആശുപത്രിയിലുണ്ട്. നിലവില്‍ മൂന്നു ഡോക്ടര്‍മാര്‍, രണ്ട് സ്റ്റാഫ് നഴ്സുമാര്‍, രണ്ട് ഫാര്‍മസിസ്റ്റുമാര്‍, മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, അഞ്ച് ജൂനിയര്പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാര്‍ തുടങ്ങിയവരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്.
- Log in to post comments