സച്ചിദാനന്ദന്റെ കവിത സാര്‍വദേശീയ സാഹിത്യത്തിന് കേരളം നല്‍കിയ സംഭാവന: മുഖ്യമന്ത്രി പിണറായി വിജയന്‍
*എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന് മുഖ്യമന്ത്രി സമ്മാനിച്ചു
സാര്‍വദേശീയ സര്‍ഗാത്മകസാഹിത്യത്തിന് കേരളം നല്‍കിയ വിലപ്പെട്ട സംഭാവനകളിലൊന്നാണ് സച്ചിദാനന്ദന്‍ എന്ന കവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ സാംസ്‌കാരിക ജീവിതത്തിലെ സജീവ സാന്നിധ്യമാണദ്ദേഹം. മലയാളത്തിലെഴുതുന്ന ഇന്ത്യന്‍ എഴുത്തുകാരന്‍. ഭാഷയെയും സാഹിത്യത്തെയും നവീകരിച്ചുകൊണ്ട് പല പതിറ്റാണ്ടായി എഴുത്തിന്റെ ലോകത്ത് നിലകൊള്ളുന്ന സച്ചിദാനന്ദന്‍ നിരവധി സാംസ്‌കാരിക മൂല്യങ്ങളുടെ പതാകാ വാഹകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ 25 ാമത് എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദനു സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം സാഹിത്യത്തിനു നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സച്ചിദാനന്ദന് ഇതിനേക്കാള്‍ വലിയ പുരസ്‌കാരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിച്ചിട്ടുണ്ടാകും. പക്ഷേ ഭാഷാ പിതാവായ എഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്‌കാരം മറ്റേതു പുരസ്‌കാരത്തേക്കാളും വിലപ്പെട്ടതാണ്. എഴുത്തും എഴുത്തുകാരനും എഴുത്തിന്റെ നിമിഷങ്ങളും ഒന്നായിത്തീരുന്ന എഴുത്തച്ഛനെഴുതുമ്പോള്‍ എന്ന പ്രശസ്ത കവിതയെഴുതി എഴുത്തച്ഛന്റെ നേര്‍ പിന്മുറക്കാരനായിത്തീര്‍ന്ന സച്ചിദാനന്ദന് ഈ പുരസ്‌കാരം സമ്മാനിക്കുന്നത് അത്യന്തം സന്തേഷകരമാണ്. എഴുത്തച്ഛനുശേഷം മലയാളത്തിന്റെ പൊതു കാവ്യഭാഷയില്‍ മാറ്റമുണ്ടായിട്ടില്ല. ഭാഷയും സാഹിത്യവും വരേണ്യവര്‍ഗത്തിനു മാത്രമല്ല, എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിക്കുകയും സാഹിത്യത്തിന്റെ ജനായത്തവത്കരണത്തിനു വെളിച്ചം പകരുകയും ചെയ്ത എഴുത്തച്ഛനെപ്പോലെ മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
1971ല്‍ പ്രസിദ്ധീകരിച്ച അഞ്ചുസൂര്യന്‍ മുതലിങ്ങോട്ടുള്ള ഓരോ കവിതയിലും സച്ചിദാനന്ദന്റെ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ചിഹ്നമുണ്ട്. മതവും മാര്‍ക്‌സിസവും വിദ്യാഭ്യാസവും ദേശീയതയും ലിംഗപദവിയും തുടങ്ങി സൂക്ഷ്മ രാഷ്ട്രീയത്തിന്റെ വ്യത്യസ്ത തലങ്ങളാവിഷ്‌കരിക്കുന്നതാണ് സച്ചിദാനന്ദന്‍ കവിത. ആഗോള വത്കരണത്തിനെതിരെ അദ്ദേഹം കവിതയിലൂടെ നടത്തിയ പ്രതിരോധം എടുത്തുപറയേണ്ട സാംസ്‌കാരിക പ്രവര്‍ത്തനമാണ്. നെരൂദയെയും ബ്രഹ്തിനെയും പോലുള്ള ലോക സാഹിത്യകാരന്മാരെ മലയാളി വായനക്കാര്‍ പരിചയപ്പെട്ടത് സച്ചിദാനന്ദന്റെ പരിഭാഷകള്‍ വായിച്ചാണ്. കലയുടെയും സാഹിത്യത്തിന്റെയും എല്ലാ തലങ്ങളിലും പോരാട്ടത്തിന്റെ ശബ്ദമുയര്‍ത്തി സൗവര്‍ണ പ്രതിപക്ഷം എന്ന സ്ഥാനം കവിതയില്‍ നിലനിര്‍ത്താന്‍ സച്ചിദാനന്ദനു കഴിഞ്ഞു. കവിതയില്‍ തന്റെ കാലത്തെ ഉള്‍ച്ചേര്‍ത്ത് കവിതയെ കാലാതിവര്‍ത്തിയാക്കിയ കവിയാണ് അദ്ദേഹം. കഴിഞ്ഞവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പ്രഖ്യാപിച്ചതുപോലെ പുരസ്‌കാരത്തുക ഈവര്‍ഷം അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും സച്ചിദാനന്ദനെ പൊന്നാടയണിയിച്ചു. മലയാള കവിതയില്‍ ആധുനികതയുടെ ആദ്യസ്ഫുരണങ്ങള്‍ പ്രതിഫലിപ്പിച്ച കവികളിലൊരാളാണ് സച്ചിദാനന്ദനെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗത പ്രസംഗവും പ്രശസ്തി പത്രം വായനയും നിര്‍വഹിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ ആദരഭാഷണം നടത്തി. സച്ചിദാനന്ദന്‍ മറുപടി പ്രസംഗം നടത്തി. സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ നന്ദി പറഞ്ഞു.
പി.എന്‍.എക്‌സ്.878/18
- Log in to post comments