കോഴഞ്ചേരി താലൂക്ക്തല അദാലത്ത്; അപേക്ഷകര്‍ക്ക് ആഗസ്റ്റ് 7 വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കോഴഞ്ചേരി താലൂക്ക് അദാലത്ത് ആഗസ്റ്റ് 17 ന് നടത്തും. ജില്ലാ കളക്ടര്‍ പി.ബി നൂഹ് കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്.
ഇതിനായി കോഴഞ്ചേരി താലൂക്കിലുള്ള അപേക്ഷകര്‍ക്ക് ആഗസ്റ്റ് നാലു മുതല്‍ ഏഴുവരെ വൈകുന്നേരം 5 വരെ കോഴഞ്ചേരിയിലെ അക്ഷയകേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോണ്‍ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ സംരംഭകന്‍ അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.
ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജനപരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തുന്നത്.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.
- Log in to post comments