Skip to main content

കോവിഡ് പ്രതിരോധം; കോട്ടയം ജില്ലയിലെ  പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ജനപ്രതിനിധികള്‍

 

കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ജില്ലയിലെ ജനപ്രതിനിധികള്‍ വിലയിരുത്തി. രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം കൂടുതല്‍ കര്‍ശനമാക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എംപിമാരും എം.എല്‍.എമാരും നിര്‍ദേശിച്ചു.  

രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളില്‍ സമ്പര്‍ക്ക പട്ടികയിലുള്ള പരമാവധി ആളുകളെ വളരെ വേഗത്തില്‍ കണ്ടെത്തി ആന്‍റിജന്‍ പരിശോധന നടത്തിയതുവഴി വ്യാപനത്തിന്‍റെ തോത് കുറയ്ക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിനായുള്ള നടപടികളില്‍ ജനപ്രതിനിധികള്‍ നടത്തിവരുന്ന സജീവ ഇടപെടല്‍ തുടരണം.

കാലവര്‍ഷ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി തുറക്കുന്ന ദുരിതാശ്വസ ക്യാമ്പുകളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് താമസ സൗകര്യം ഒരുക്കുന്നത്. എല്ലാ ക്യാമ്പുകളിലും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.  കോവിഡ് പ്രതിരോധത്തിലും മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാകണം. വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി നിര്‍ദേശിച്ചു.

സി.എഫ്.എല്‍.ടി.സികളുമായി ബന്ധപ്പെട്ട അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ ഉറപ്പാക്കുന്നതിന്  സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളിലെ ബസുകള്‍ ഏറ്റെടുക്കുന്നതിനും കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാരെ നിയോഗിക്കുന്നതിനും നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.   ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും അതത് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും എല്ലാ സി.എഫ്.എല്‍.ടി.സികളിലെയും ഭക്ഷണത്തിന് നിലവാരം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.  

എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, പി.സി. ജോര്‍ജ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, സി.കെ. ആശ, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date