കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച 59 പേര്‍ക്കെതിരെ കേസ്
?പരിശോധന ഊര്‍ജ്ജിതം
----
കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ താലൂക്ക് തലത്തിലുള്ള പരിശോധന ഊര്‍ജിതമാക്കി. റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയ 59 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നവര്‍ക്കും സാമൂഹിക അകലം പാലിക്കാതിരുന്നവര്‍ക്കും പൊതു സ്ഥലത്ത് തുപ്പിയവര്‍ക്കുമെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. ഈ മൂന്നു നിയമലംഘനങ്ങള്‍ക്കും 200 രൂപ വീതമാണ് പിഴ. സന്ദര്‍ശകരുടെ പേരുവിവരങ്ങളും മൊബൈല്‍ നമ്പരും രേഖപ്പെടുത്തി സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കി.
നിലവിലെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പൊതു, സ്വകാര്യ ഗതാഗതം നടത്തിയാല്‍ രണ്ടായിരം രൂപയും നിയമവിരുദ്ധമായി ഇതര സംസ്ഥാന ഗതാഗതം നടത്തിയാല്‍ അയ്യായിരം രൂപയും പിഴ ഈടാക്കും. വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
- Log in to post comments