Skip to main content

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ സൗജന്യ പഴവര്‍ഗ  വിതരണവുമായി  സഹൃദയ കൂട്ടായ്മ

 

 

 

സംസ്ഥാനത്തെ ആദ്യ കൊവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് അശോകപുരത്തുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ നിരിക്ഷണത്തിലുള്ളവര്‍ക്ക് സൗജന്യ പഴവര്‍ഗ  വിതരണവുമായി സഹൃദയ കൂട്ടായ്മ.  ഇവിടെയുള്ള കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായുള്ള പഴവര്‍ഗ്ഗങ്ങള്‍, സ്‌നാക്‌സ് തുടങ്ങിയവ ദിവസവും സൗജന്യമായി വിതരണം ചെയ്തുവരുന്നു.  നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സി കോഴിക്കോട്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, കലിക്കറ്റ് ഹോള്‍സെയില്‍ ഫ്രൂട്ട്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ടീം നാദാപുരം എന്നിവരാണ് സഹൃദയ കൂട്ടായ്മയിലുള്ളത്.

 

വിപണിയില്‍ ലഭിക്കുന്ന ഏതെങ്കിലും പഴങ്ങള്‍ എത്തിക്കലല്ല കൂട്ടായ്മയുടെ രീതി.  കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും അനുമതിയോടെ ഉത്തരവാദിത്തപ്പെട്ട ഡയറ്റീഷന്റെ നിര്‍ദ്ദേശാനുസരണമാണ് വിതരണം. മാറിമാറിവരുന്ന അന്തേവാസികള്‍ക്ക് ആവശ്യമായ പോഷകവസ്തുക്കള്‍ എത്തിച്ചു നല്‍കും.  പ്രവാസികളായവര്‍ നിരീക്ഷണത്തിലെത്തിയപ്പോയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇവരുടെ ശ്രദ്ധ പതിഞ്ഞത്.  ഏപ്രില്‍ 25ന് ആരംഭിച്ച വിതരണം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.  നൂറുകണക്കിനാളുകള്‍ ഇതിനകം ഇവരുടെ കരുതലില്‍ ചികിത്സ പൂര്‍ത്തിയാക്കി.  

 

പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങായ ചരിത്രമാണ് കൂട്ടായ്മക്കുള്ളത്. 2018ലെ പ്രളയത്തില്‍ കട്ടിപ്പാറ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനടങ്ങുന്ന കുടുംബത്തിന്റെ വീട് പരിപൂര്‍ണ്ണമായി തകര്‍ന്നപ്പോള്‍ നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സി കോഴിക്കോട് ആവശ്യപ്പെട്ടത് പ്രകാരം  8 ലക്ഷത്തോളം രൂപ ചിലവാക്കി വീട് വാങ്ങി നല്‍കുകയും കോഴിക്കോട്, വയനാട് ജില്ലകളിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശുചീകരണവസ്തുക്കളുമടങ്ങിയ കിറ്റുകള്‍ എത്തിച്ചു നല്‍കുകയും ചെയ്തത് ടീം നാദാപുരമായിരുന്നു.  ഭിന്നശേഷി മേഖലയില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്.  വിവിധ സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കിവരുന്ന  സംഘടനയാണ് കാലിക്കറ്റ് ഹോള്‍സെയില്‍ ഫ്രൂട്ട്‌സ് മര്‍ച്ചന്റ്‌സ്  അസോസിയേഷന്‍. സംഘടനയുടെ പ്രസിഡണ്ട് പി.അബ്ദുള്‍ റഷീദ്, സെക്രട്ടറി കോയമോന്‍, പി.കെ.സമീര്‍, ടീം നാദാപുരം ഭാരവാഹികളായ നരിക്കോളി ഹമീദ്, എറോത്ത് മെഹമൂദ്, സുബൈര്‍, പോക്കര്‍ ഹാജി, അബുബക്കര്‍, നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ പി.സിക്കന്തര്‍, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റി പി.കെ.എം.സിറാജ്, എഞ്ചിനീയര്‍ പി.അബ്ദുള്‍ റഷീദ്, അക്ബര്‍ അലിഖാന്‍, തന്‍സിഫ്.എം.എം, കണ്ണഞ്ചേരി , ഇ.പി.അബുബക്കര്‍ , അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോവിഡ് കാലത്തെ പ്രവര്‍ത്തനം.  

 

സബ് കളക്ടര്‍ ജി.പ്രിയങ്ക, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഇന്‍ ചാര്‍ജും ബീച്ച് ആശുപത്രി സൂപ്രണ്ടുമായ ഉമ്മര്‍ ഫാറുഖ്, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ പി.സി.കവിത, ഡോക്ടര്‍മാരായ ശ്രീജിത്ത്.സി.ബി, അജ്മല്‍, ഡയറ്റീഷന്‍ സബീന ജ്യോതിക തുടങ്ങിയവരടങ്ങിയ ഒദ്യോഗിക വിഭാഗത്തിന്റെ  അനുമതിയോടെയും സഹകരണത്തോടെയുമാണ് സഹായങ്ങള്‍ നല്‍കുന്നത്.

 

 

date