Skip to main content

പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം ഇന്ന്: മന്ത്രി കെ.കെ. ശൈലജടീച്ചര്‍ ഓണ്‍ലൈനായി  നിര്‍വഹിക്കും.

ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പുതുപ്പരിയാരത്ത് ആരംഭിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇന്ന് (ഓഗസ്റ്റ് അഞ്ച്) ഉച്ചയ്ക്ക് 12 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍ ഓണ്‍ലൈനായി അധ്യക്ഷനാകും. മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്ന ലാബിനായി  രണ്ടു കോടി രൂപയാണ് ആരോഗ്യവകുപ്പ് ചെലവഴിക്കുന്നത്. ആരോഗ്യപരിപാലനത്തിനു ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനോടോപ്പം സാമൂഹ്യ സുരക്ഷയെ ബാധിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍,  കുടിവെള്ള പരിശോധന തുടങ്ങി മൃഗങ്ങള്‍ക്കുള്ള പേവിഷബാധ  കണ്ടുപിടിക്കാനുള്ള പ്രത്യേക ടെസ്റ്റുകള്‍ വരെ ഇവിടെ നടത്താനാകും. ഡോക്ടറുടെ കുറിപ്പടിയോടുകൂടി എത്തുന്ന ആര്‍ക്കും ലാബില്‍ പരിശോധന നടത്താനാകും. മുന്‍ഗണനാ വിഭാഗത്തില്‍പെടുന്ന ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായും മറ്റു വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസോടെയും സേവനങ്ങള്‍ ലഭ്യമാകും. ഡോക്ടര്‍, സയന്റിഫിക് ഓഫീസര്‍,  ലാബ് ടെക്‌നീഷ്യന്മാര്‍ എന്നിവരുടെ സേവനവും ലഭിക്കും. ക്ലിനിക്കല്‍ പത്തോളജി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണ രക്തപരിശോധനകള്‍, ക്യാന്‍സര്‍ പോലുള്ള അവയവരോഗനിര്‍ണയങ്ങള്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വൃക്ക,  കരള്‍ എന്നിവയുടെ തകരാര്‍ മൂലം ഉണ്ടാകുന്ന അസുഖങ്ങളുടെ കണ്ടെത്തല്‍,  പകര്‍ച്ചവ്യാധികളായ ഡെങ്കി,  ചിക്കന്‍ഗുനിയ, ടൈഫോയ്ഡ്, എലിപ്പനി,  ഹെപ്പറ്റൈറ്റിസ്, എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും  തൈറോയ്ഡ് രോഗനിര്‍ണയം,  പുരുഷ, സ്ത്രീ ഹോര്‍മോണ്‍ നിലവാര പരിശോധന,  വളര്‍ച്ച ഹോര്‍മോണ്‍ അളവ് നിര്‍ണയിക്കല്‍ എന്നീ സൗകര്യങ്ങള്‍ ലാബില്‍ ഒരുക്കും. കെട്ടിട നിര്‍മ്മാണത്തിനുള്ള സ്ഥലം വിട്ടുകിട്ടുന്നതിന് നിയമസഭയില്‍  സബ്ബ്മിഷന്‍ നല്‍കുന്നതടക്കം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ക്കായി  വി.എസ.് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നിരന്തര ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി പറഞ്ഞു. പുതുപ്പരിയാരം കമ്മ്യൂണിറ്റി ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടക്കുന്ന പരിപാടിയില്‍  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് കെട്ടിട  വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date