ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് വായ്പ
കുടുംബശ്രീയുടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പകള്‍ അനുവദിക്കുന്നു. തൊഴില്‍ ചെയ്യാനാവശ്യമായ വാഹനം വാങ്ങല്‍, സംരംഭകത്വ വികസനം, സാനിട്ടറി മാര്‍ട്ടുകള്‍, ഹരിത സംരംഭങ്ങള്‍ തുടങ്ങല്‍, വിദ്യാഭ്യാസ സഹായം എന്നിവയക്കാണ് വായ്പകള്‍ നല്‍കുന്നത്. വാഹനം വാങ്ങാന്‍ പരമാവധി 15 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു അംഗത്തിന് പരമാവധി 60,000 രൂപ വരെ ലഭിക്കും. ഒരു സി.ഡി.എസിന് കീഴില്‍ 50 ലക്ഷം വരെ പരമാവധി വായ്പയായി ലഭിക്കും. ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടാതെ ഇവരുടെ പെണ്മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും, വൊക്കേഷണല്‍ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാലു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും ലഭിക്കും.നാലര ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള ഇത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അനുവദിക്കപ്പെടുന്ന ലോണിന്റെ പലിശ, യോഗ്യത നേടിക്കഴിഞ്ഞാല്‍ തിരികെ നല്കുന്നതാണ്. സേനാംഗങ്ങളുടെ പെണ്‍ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നാലു മുതല്‍ അഞ്ച് ശതമാനം വരെ വാര്‍ഷിക പലിശ നിരക്കില്‍ ലഭിക്കും. വായ്പയുടെ കാലാവധി മൂന്ന് വര്‍ഷമാണ്.
ആദ്യഘട്ടത്തില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മൂന്ന് കോടി രൂപ വിതരണം ചെയ്യും. അടുത്ത ഘട്ടത്തില്‍ ഗ്രൂപ്പുകള്‍ക്ക് വാഹനം വാങ്ങാനായി വായ്പ അനുവദിക്കും. സി.ഡി.എസ്സുകളുടേയും കുടുംബശ്രീ ജില്ലാ മിഷന്റേയും ശുപാര്‍ശയോടെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ കുറഞ്ഞ സമയത്തിനുളളില്‍ വായ്പ നല്കുന്നതിനുള്ള നടപടികള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുണ്ട്.
- Log in to post comments