തദ്ദേശ റോഡ് പുനര്‍നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം നടന്നു ജില്ലയില്‍ 73 കോടിയുടെ 404 പ്രവൃത്തികള്‍
തദ്ദേശ റോഡ് പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള റോഡ് നവീകരണ പ്രവൃത്തിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 20 ലക്ഷം ചെലവില്‍ നവീകരിക്കുന്ന മാടായി പഞ്ചായത്തിലെ കോഴിബസാര്‍ - എസ്ബിഐ - ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡിന്റെ പ്രവൃത്തിക്കാണ് തുടക്കമിട്ടത്. പുതിയങ്ങാടി ജമായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ടി വി രാജേഷ് എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു.
73 കോടി രൂപ ചെലവിട്ട് 404 റോഡ് പ്രവൃത്തികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്നതുമായ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിന് സിഎംഎല്‍ആര്‍ആര്‍പി പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1000 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. അതത് ജില്ലയിലെ കലക്ടര്‍മാര്‍ക്കാണ് പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനുള്ള ചുമതല. ഇതിന്റെ പ്രാദേശിക തലത്തിലുള്ള മേല്‍നോട്ടത്തിനായി പഞ്ചായത്ത്/ നഗരസഭാ തലത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍/ വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. പ്രവൃത്തിയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാതല ടെക്നിക്കല്‍ സമിതിയും രൂപീകരിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, മാടായി പഞ്ചായത്ത് പ്രസിഡണ്ട് എ സുഹറാബി, പഞ്ചായത്തംഗം അഷ്‌റഫ് മമ്മന്‍, ഡി ഡി പി ടി ജെ അരുണ്‍, എല്‍ എസ് ജി ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ എം ബിജോയ്, കല്യാശേരി സബ്ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു വി രാജീവന്‍, മാടായി സെക്ഷന്‍ അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മാടായി പഞ്ചായത്ത് സെക്രട്ടറി കെ ബി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
- Log in to post comments