'എന്റെ ജീവന്‍ എന്റെയും ഉത്തരവാദിത്വം' കൊവിഡ് മുക്തമാവാന്‍ ചെമ്പിലോടിന്റെ കാമ്പയിന്‍
സപ്തംബര്‍ 15നുള്ളില്‍ പഞ്ചായത്തിനെ കൊവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ചെമ്പിലോട് ഗ്രാമപഞ്ചായത്ത്. ഇതിനായി 'എന്റെ ജീവന്‍ എന്റെയും ഉത്തരവാദിത്വം, സമ്പര്‍ക്ക വ്യാപനത്തിന് ഞാന്‍ കാരണമാവില്ല' എന്ന പേരില്‍ ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി ബൃഹത്തായ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയും ജീവന്റെ വിലയുള്ള ജാഗ്രത എന്ന സര്‍ക്കാര്‍ നയം ശക്തമാക്കിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് പഞ്ചായത്ത്. പരിപാടിയുടെ ഭാഗമായി അറിയിപ്പുകളും ബോധവല്‍ക്കരണ നോട്ടീസുകളും എല്ലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറപ്പു വരുത്തി. എസ്എംഎസ് സംവിധാനവും ഉപയോഗപ്പെടുത്തും. യോഗങ്ങള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പഞ്ചായത്തിന്റെ ബഡ്‌സ് റീഹാബിലിറ്റേഷന്‍ വാഹനം ആംബുലന്‍സായി ഉപയോഗിക്കും. കൊവിഡ് 19 സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കാനും തീരുമാനമായി. പഞ്ചായത്തിലേക്കാവശ്യമായ വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് സി എച്ച് സി മുഖേന പരിശീലനം നല്‍കാനും പദ്ധതി തയ്യാറാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വാര്‍ഡ്തല മോണിറ്ററിംഗ് കമ്മിറ്റി ആഴ്ചയിലൊരിക്കല്‍ യോഗം ചേരുന്നുണ്ട്. പ്രദേശത്തെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി സര്‍വയലന്‍സ് ടെസ്റ്റ് നടത്തുന്നതിനും തീരുമാനമായി. ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന ചുമട്ടുതൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പത്രവിതരണക്കാര്‍, റേഷന്‍ വ്യാപാരികള്‍, ഹോട്ടല്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയാവും പരിശോധന. നിത്യോപയോഗ സാധനങ്ങള്‍, പലചരക്ക് എന്നിവ വില്‍ക്കുന്ന സ്ഥാപന ഉടമകള്‍ സ്വന്തം നിലയില്‍ പരമാവധി ഹോം ഡെലിവറിയിലൂടെ വില്‍പ്പന നടത്താനും നിര്‍ദേശമുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ ഒഴികെയുള്ളവ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രദേശത്തെ മുഴുവന്‍ കടകളിലും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഓട്ടോറിക്ഷ -ടാക്‌സികളിലും എത്തുന്നവരുടെ പേര് വിവരങ്ങളും മെബൈല്‍ നമ്പറുകളും രേഖപ്പെടുത്തുന്നതിന് രജിസ്റ്റര്‍ സൂക്ഷിക്കും. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളില്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഒരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചായത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ സംവിധാനം സ്‌പോണ്‍സര്‍മാര്‍ അല്ലെങ്കില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഒരുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. വാര്‍ഡ്തല മോണിറ്ററിംഗ് കമ്മിറ്റിക്കാണ് ഈ ചുമതല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
- Log in to post comments