Skip to main content

പെരളശേരി പഞ്ചായത്തില്‍ മൂന്നാം പച്ചത്തുരുത്തൊരുങ്ങുന്നു

പെരളശേരി പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. സ്മൃതി തീരം കിഴക്കിലായി വാതക ശ്മശാനത്തോട് ചേര്‍ന്ന് ഒരുക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാലഗോപാലന്‍ നിര്‍വഹിച്ചു. 40 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന പച്ചത്തുരുത്ത് പദ്ധതി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഹരിത കേരളം മിഷനാണ് നടപ്പാക്കുന്നത്.
പ്ലാവ്, മാവ്, സപ്പോട്ട, രാമച്ചം, നെല്ലി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ വച്ചുപിടിപ്പിച്ചത്. മാവിലായി യുപി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള 20 സെന്റ് സ്ഥലത്ത് ഫല വൃക്ഷങ്ങളും ചെറുമാവിലായി പുഴക്കരയിലുള്ള 30 സെന്റ് സ്ഥലത്ത് മുളകളും പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി നേരത്തെ നട്ടുപിടിപ്പിച്ചിരുന്നു. അടുത്തതായി കിലാനൂര്‍ പുലി ദേവ ക്ഷേത്ര കോമ്പൗണ്ടിലുള്ള 50 സെന്റ് സ്ഥലത്തും ശങ്കരവിലാസം യു പി സ്‌കൂള്‍ കോമ്പൗണ്ടിലും പച്ചത്തുരുത്ത് ആരംഭിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. ഇവ കൂടി യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിലെ പച്ചത്തുരുത്തുകളുടെ എണ്ണം അഞ്ചാകും. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.
പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, വാര്‍ഡ് മെമ്പര്‍ കെ പ്രദീപന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date