Skip to main content

ശക്തമായ മഴ നേരിടാനൊരുങ്ങി ജില്ല

എറണാകുളം - ആഗസ്റ്റ് ആറ് മുതല്‍ 9 വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തര മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കിനെ അടിസ്ഥാനമാക്കിയാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മുന്‍കൂട്ടി തയ്യാറാക്കിയ ക്യാംപുകളിലേക്ക് മാറ്റും. 
ജില്ലയിലെ മലയോര മേഖലകളിലും പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും ക്യാംപുകള്‍ സജ്ജമാക്കണം. 
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ ആയിരിക്കും അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കുന്നത്. ജനങ്ങൾക്ക് 'അനൗൺസ്‌മെന്റ്' വഴി വിവരം നൽകും. 

വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യും. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലും ക്യാംപുകള്‍ തയ്യാറാക്കും. 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ക്യാംപുകളുടെ പ്രവര്‍ത്തനം. പ്രായമായവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, രോഗ ലക്ഷണമുള്ളവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ നടത്തും. 
പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിയന്ത്രിക്കും. 

താലൂക്ക്, പഞ്ചായത്ത് കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പോലീസ്, അഗ്നിരക്ഷാ സേന, ഫയർ ആൻഡ് റെസ്ക്യൂ സേന, സിവിൽ ഡിഫെൻസ് അംഗങ്ങള്‍ തുടങ്ങിയവര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി തയ്യാറായിരിക്കണം.

date