Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം: പൊതുജനങ്ങൾക്ക് പ്രവേശനമില്ല

എറണാകുളം: കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടത്താൻ തീരുമാനം. കളക്ടറേറ്റിലെ ഇൻഡോർ പാർക്കിംഗ് ഗ്രൗണ്ടിലായിരിക്കും ജില്ലാതല ആഘോഷ ചടങ്ങുകൾ നടത്തുക. 
ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പോലീസിൻ്റെ മാർച്ച് പാസ്റ്റും ഒഴിവാക്കി. സ്കൂൾ കുട്ടികളെയും പ്രായമായവരെയും പങ്കെടുപ്പിച്ചുള്ള പരിപാടികളും ഒഴിവാക്കി. പരമാവധി 100 പേരെ ഉൾപ്പെടുത്തിയായിരിക്കും ചടങ്ങ് നടത്തുക. ആരോഗ്യ പ്രവർത്തകരെയും കോവിഡ് രോഗമുക്തി നേടിയവരെയും പരിപാടിയിൽ പങ്കെടുപ്പിക്കും. മൂന്ന് ഡോക്ടർമാർ രണ്ട് നഴ്സുമാർ , രണ്ട് പാരാമെഡിക്കൽ സ്റ്റാഫുകൾ, രണ്ട് ശുചീകരണ പ്രവർത്തകർ , മൂന്ന് കോ വിഡ് രോഗമുക്തർ എന്നിവരെ പ്രത്യേക പ്രതിനിധികളായി ചടങ്ങിൽ ക്ഷണിക്കും.  എം എൽ എ മാർ , എം പിമാർ തുടങ്ങിയ ജനപ്രതിനിധികൾക്ക്  പങ്കെടുക്കാം. 
ചടങ്ങിൽ വിദ്യാർത്ഥികൾ നടത്തിയിരുന്ന ബാൻഡ് മേളം വേണ്ടെന്നു വച്ചു. അവാർഡുകളൊന്നും തന്നെ നൽകില്ല. പരേഡിൽ പങ്കെടുക്കുന്ന  പ്ലാറ്റൂണുകളുടെ എണ്ണം അഞ്ചായി ചുരുക്കി. ഒരു പ്ലാറ്റൂണിലെ അംഗങ്ങളുടെ എണ്ണം 18 ആയും ചുരുക്കിയിട്ടുണ്ട്. 100 ൽ താഴെ അംഗങ്ങൾ മാത്രമാണ് പരേഡിൽ പങ്കെടുക്കുക. 
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ആഘോഷ ചടങ്ങുകൾ നടത്തുക. പങ്കെടുക്കുന്ന എല്ലാവരെയും തെർമൽ സ്കാനിങ്ങിനു വിധേയമാക്കും. ഹാൻഡ് സാനിറ്റൈസറും മാസ്കും ഉപയോഗിക്കുന്നത് നിർബന്ധമാക്കി. പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പരിപാടികൾ ലൈവായി കാണാവുന്നതാണ്.

date