Skip to main content

ജില്ല കളക്ടര്‍ക്ക് അഭിനന്ദനവുമായി ചീഫ് സെക്രട്ടറി

എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം വഹിച്ച ജില്ല കളക്ടര്‍ എസ് സുഹാസിന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അഭിനന്ദനം. കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാതികളില്ലാതെ സുഗമമായി നടത്താന്‍ നേതൃത്വം നല്‍കിയതിനാണ് ചീഫ് സെക്രട്ടറി കളക്ടറെ അഭിനന്ദിച്ചത്. അതിഥി തൊഴിലാളികളുടെ മടക്കം, റേഷന്‍, ഭക്ഷണ കിറ്റ് വിതരണം, കമ്മ്യൂണിറ്റി കിച്ചന്‍റെ നടത്തിപ്പ്, കോവിഡ് ആശുപത്രികളുടെയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളുടെയും പ്രവര്‍ത്തനം, ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാന്‍ കളക്ടര്‍ക്ക് സാധിച്ചതായി ചീഫ് സെക്രട്ടറി തന്‍റെ കത്തില്‍ വ്യക്തമാക്കി. 
 കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകട സാധ്യതയുള്ളവര്‍ക്ക് രോഗം വരാതെ തടയുക, കോവിഡ് മൂലമുള്ള മരണസംഖ്യ കുറക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. 
രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കളക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വത്തിനും സാധിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. 
തുടര്‍ന്ന പ്രവര്‍ത്തനങ്ങളിലും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളിലും എല്ലാ തരത്തിലുമുള്ള സഹായവും നല്‍കുമെന്നും കോവിഡ് രോഗത്തിനെതിരായുള്ള യുദ്ധത്തില്‍ നാം മുന്നേറുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

date