Skip to main content

ലൈഫ് മിഷന്‍: 35 കുടുംബങ്ങള്‍ക്കായി കുളക്കടയില്‍ ഫ്‌ളാറ്റ് സമുച്ചയം

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ കുളക്കട ഗ്രാമപഞ്ചായത്തില്‍ ഫ്‌ളാറ്റ് സമുച്ചയം ഉയരും. ഭൂരഹിതരായ 35 കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ വീട് സ്വന്തമാകുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന്  49. 72 ലക്ഷം രൂപക്ക് വാങ്ങിയ പൂവറ്റൂര്‍ ആലുംകുന്നില്‍ കാവിന് സമീപത്തെ 1.66 ഏക്കര്‍ ഭൂമിയിലാണ് ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. പട്ടികജാതി വികസന ഫണ്ടില്‍ നിന്നുള്ള  അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് ജനറല്‍ ഫണ്ടില്‍ നിന്നും 45.5 ലക്ഷം  രൂപയും ഉള്‍പ്പെടെ  50.5 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ഹൗസിംഗ് ബോര്‍ഡിനാണ് നിര്‍മാണ ചുമതല.
കുളക്കട ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 73 കുടുംബങ്ങള്‍ക്കാണ് ലൈഫിലൂടെ വീട് ലഭിച്ചത്. ഭൂരഹിതരും ഭവനരഹിതരുമായ ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തുന്നതെന്നും സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ വീട് നിര്‍മാണം അസാധ്യമായിരുന്ന 35 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ  വീട് ലഭിക്കാന്‍ പോകുന്നതെന്നും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2085/2020)

 

date