മുണ്ടൂര്‍ ബസ്സ്റ്റാന്റ് - റോഡുകള്‍ ഉദ്ഘാടനം ചെയ്തു
മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടൂര്‍ ബസ് സ്റ്റാന്‍ഡ്, എരഞ്ഞിപ്പാടം, കോവില്‍പറമ്പ്, തെക്കുംപുറം എന്നീ റോഡുകളുടെ ഉദ്ഘാടനം ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന് നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.10 കോടി ചെലവഴിച്ചാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. കെ.വി വിജയദാസ് എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷനായി.
ആസ്തി വികസന ഫണ്ട് ചെലവഴിക്കുമ്പോള്‍ പരമാവധി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കണമെന്ന കാഴ്ചപ്പാടോടെയാണ് തുക വകയിരുത്തുന്നതെന്ന് വി.എസ് അച്യുതാനന്ദന് എം.എല്‍.എ.യുടെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.
വി.എസ് അച്യുതാനന്ദന് എം.എല്‍.എ.ക്ക് വേണ്ടി കെ. വി വിജയദാസ് എം.എല്‍.എ ഉദ്ഘാടന ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു. പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് എം.പി ബിന്ദു മുഖ്യാതിഥിയായി. മുണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. കെ കുട്ടികൃഷ്ണന്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments