ഗുരുവായൂർ നിയോജകമണ്ഡലത്തിൽ എട്ട് ജലപരിശോധനാ ലാബുകൾ
ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഹയർ സെക്കന്ററി സ്‌കൂൾ കെമിസ്ട്രി ലാബുകളോട് ചേർന്ന് ജല ഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിക്കുന്നു. സുരക്ഷിതമായ ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗുണനിലവാര പരിശോധന. ഗുരുവായൂരിലെ ജല ഗുണനിലവാര പരിശോധനയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി കെ. വി അബ്ദുൾ ഖാദർ എംഎൽഎ സൗകര്യമൊരുക്കും. എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് ഓരോ ലാബിനും ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് അനുവദിക്കുക.
വർധിച്ചു വരുന്ന ജലജന്യ രോഗങ്ങളെ തടയുന്നതിന് വേണ്ടിയാണ് ജല പരിശോധന ലാബുകൾ. ജില്ലയിൽ 45 ലാബുകളാണ് ഇത്തരത്തിൽ വിദ്യാലയങ്ങളോട് ചേർന്ന് പ്രവർത്തനം നടത്തുക. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ പുന്നയൂർക്കുളം കടിക്കാട് എച്ച് എസ് എസ്, പുന്നയൂർ സീതി സാഹിബ് മെമ്മോറിയൽ എച്ച് എസ് എസ്, വടക്കേക്കാട് കൊച്ചന്നൂർ ഗവ. എച്ച് എസ് എസ്, ഏങ്ങണ്ടിയൂർ സെന്റ്. തോമസ് എച്ച് എസ് എസ്, ഒരുമനയൂർ ഐ വി എച്ച് എസ് എസ്, കടപ്പുറം ജി വി എച്ച് എസ് എസ്, ഗുരുവായൂർ നഗരസഭയിലെ ചാവക്കാട് ജി എച്ച് എസ് എസ് (നഗരസഭ ഫണ്ട്), ചാവക്കാട് മണത്തല ഹയർ സെക്കന്ററി എന്നീ എട്ട് സ്‌കൂളുകളിലാണ് ലാബുകൾ സ്ഥാപിക്കുക. ജലനിലവാര പരിശോധന വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത് വഴി അവർക്ക് ഖരദ്രവ മാലിന്യ പരിപാലനത്തെ സംബന്ധിച്ച അറിവുകൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് വേണ്ട പരിശീലനം നൽകാൻ അധ്യാപകരെ നിയോഗിക്കും.
- Log in to post comments