Skip to main content

പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം മാര്‍ച്ച് 11 ന് ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍

പള്‍സ് പോളിയോ ബൂത്തുകള്‍

 

കാക്കനാട്: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 11 ന്  രാവിലെ 8 മണിക്ക് വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അദ്ധ്യക്ഷത  വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള മുഖ്യാതിഥിയാകും. 

 

 

ജില്ലയിലെ അഞ്ചു വയസില്‍ താഴെയുള്ള 2,10,013 കുട്ടികള്‍ക്കാണ് ഈ ദിവസം പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. ജില്ലയില്‍ ഇതിനായി 1682 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 

 

സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ്‌സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളിലായി 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് വന്നെത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 132 മൊബൈല്‍ ടീമുകളും ഒരുക്കിയിട്ടുണ്ട്. ബൂത്തുകളില്‍ സേവനം അനുഷ്ഠിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍.സി.സി. വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്.

 

മാര്‍ച്ച്  11 ന് ബൂത്തുകളിലെത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് 12, 13 തീയതികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കും. തുള്ളിമരുന്ന് നല്‍കിയതിന് ശേഷം കുട്ടികളുടെ ഇടതുകൈയിലെ ചെറുവിരലില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് അടയാളപ്പെടുത്തും.  പരിപാടിയുടെ നടത്തിപ്പിനാവശ്യമായ തുള്ളിമരുന്ന്, പ്രചരണസാമഗ്രികള്‍ എന്നിവ വിതരണം ചെയ്തു കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ വാഹനങ്ങള്‍ക്ക് പുറമെ, വിവിധ വകുപ്പുകളില്‍ നിന്നും പരിപാടിയുടെ നടത്തിപ്പിനാവശ്യമായ വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ ലഭ്യമാക്കിയിട്ടുണ്ട്. പള്‍സ് പോളിയോ ദിനത്തിന്റെ നടത്തിപ്പ് ഏകോപിപ്പിക്കുവാന്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലായിടത്തും വകുപ്പ്തല യോഗങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞു. ജില്ലാതല കര്‍മ്മസമിതി യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും, സംഘടനകളുടെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പരിപാടിക്കായി വിപുലമായ മൈക്ക് പ്രചാരണം  നടക്കുന്നുണ്ട്. 

 

 

മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ ഒറ്റഘട്ടമായാണ് പരിപാടി നടത്തുന്നത്. 1995 മുതല്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഫലമായി 2014 മാര്‍ച്ച് 27 ന് ഭാരതം പോളിയോ വിമക്തമായി പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും പോളിയോ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്ന് രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ഒഴിച്ചുള്ളവ നമ്മുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണെന്നതിനാല്‍ ഏതാനും വര്‍ഷം കൂടി പോളിയോ പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി വഴിയോ സഞ്ചാരികള്‍ വഴിയോ ഒക്കെ രോഗാണു രാജ്യത്തെത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയില്‍ 2011 ലും കേരളത്തില്‍ 2000 ലും ആണ് അവസാനമായി പോളിയോ കണ്ടെത്തിയിട്ടുള്ളത്. രോഗാണു നിരീക്ഷണ പരിപാടി (എഎഫ്പി സര്‍വെയ്‌ലന്‍സ്) യുടെ ഭാഗമായി പോളിയോ രോഗാണു രാജ്യത്ത് തിരികെയെത്തുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും വിവിധ രാജ്യങ്ങളുമായി വിശാലമായ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്നതിനാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. കെ. കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ജില്ല ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷീജ എന്‍.എ, എറണാകുളം ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ്് ഡോ. ശിവപ്രസാദ്, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ.സി. ഫിലിപ്പ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

date