കവിത ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തല്‍ വെളിച്ചമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍ *പതിനൊന്നാമത് കൃത്യ 2017 അന്താരാഷ്ട്ര കാവ്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തല്‍ വെളിച്ചമാവാനുള്ള ശക്തി കവിതയ്ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനൊന്നാമത് അന്താരാഷ്ട്ര കാവ്യോത്സവം കൃത്യ 2017 ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തെവിടെയും വംശീയ വിദ്വേഷവും മതമൗലികവാദവും പിടിമുറുക്കുകയും മനുഷ്യന് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെതിരേ ശബ്ദമുയര്‍ത്തുന്ന കവികളും എഴുത്തുകാരും കലാകാരന്മാരും ആക്രമിക്കപ്പെടുകയാണ്. പ്രതിരോധിക്കുന്നവരെ നിശബ്ദരാക്കാനുള്ള മൗലികവാദികളുടെ ശ്രമത്തെ നേരിടാന്‍ സാമൂഹിക മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാര്‍ക്കേ കഴിയൂ. വിരുദ്ധാഭിപ്രായങ്ങളോട് അസഹിഷ്ണുതയുള്ളിടത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിലനില്‍ക്കാനാവില്ല.
ഇടക്കാലത്ത് ലോകത്തെങ്ങും കവിത ദുര്‍ബലമായെങ്കിലും ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. സര്‍വകലാശാലകളിലും മാധ്യമങ്ങളിലും സാഹിത്യ സംരംഭങ്ങളിലും ലോകത്താകമാനം കവിതയുടെ നവസാന്നിധ്യം പ്രകടമാകുന്നുണ്ട്. പ്രസാധകരുടെ അമിതമായ ലാഭേച്ഛ മൂലം മലയാളത്തില്‍ കവിതാപുസ്തകങ്ങളുടെ പ്രസാധനത്തില്‍ ഇടക്കാലത്ത് ചെറിയ കുറവുണ്ടായെങ്കിലും സ്വതന്ത്രമായി, കരുത്തോടെ നില്‍ക്കാന്‍ മലയാളകവിതയ്ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലയാളത്തിലെ ഏതു പ്രസിദ്ധീകരണമെടുത്താലും കവിതയ്ക്ക് വലിയ സ്വീകാര്യതയും പ്രാധാന്യവുമുള്ളതായിക്കാണാം. എഴുത്തച്ഛന്റെയും വള്ളത്തോളിന്റെയും വൈലോപ്പിള്ളിയുടെയും നാട് വീണ്ടും കവികളുടെ നാടായിത്തീര്‍ന്നിരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുരോഗമന ചിന്താഗതിയുള്ള എഴുത്തുകാരും വിപ്ലവകാരികളായ കവികളും വ്യവസ്ഥിതികളോടു ധര്‍മയുദ്ധം പ്രഖ്യാപിച്ച നാടകപ്രവര്‍ത്തകരും കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് ദീപശിഖ വഹിച്ചവരാണ്. കലാപകലുഷിതമായ കാലത്ത് ധാരാളം പ്രതിഭാധനര്‍ ആശയസമ്പന്നമായ കവിതയിലൂടെയും സാഹിത്യത്തിലൂടെയുമാണ് കേരള നവോത്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി സ്മരിച്ചു.
പ്രശസ്ത ഹിന്ദി കവിയും എഴുത്തുകാരനും രസ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ അശോക് വാജ്‌പേയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഡയറക്ടര്‍ രതി സക്‌സേന സ്വാഗതം പറഞ്ഞു. തുര്‍ക്കി കവി അദോല്‍ ബെറാമുലു, എസ്‌റ്റോണിയന്‍ കവി ഡോറിസ് കരേവ, നെതര്‍ലാന്‍ഡ്‌സിലെ പോയട്രി ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഡയറക്ടര്‍ ബാസ് വാക്മാന്‍, കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ, ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു. നവംബര്‍ പന്ത്രണ്ടു വരെ വിവിധവേദികളില്‍ നടക്കുന്ന കാവ്യോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കവികള്‍ സംബന്ധിക്കും.
അന്താരാഷ്ട്ര കാവ്യോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (10) രാവിലെ പത്തു മുതല്‍ പന്ത്രണ്ടുവരെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഫ്‌ലൈറ്റ് ഓഫ് ഫാന്‍സി എന്ന പരിപാടി നടക്കും. ബാസ് ക്വാക്മാന്‍(നെതര്‍ലാന്‍ഡ്‌സ്), അദോല്‍ ബെറാമുലു (തുര്‍ക്കി), ഡോറിസ് കരേവ (എസ്‌റ്റോണിയ), യോലന്റ കസ്റ്റാനോ (സ്‌പെയിന്‍), ലിനാഎക്ദാല്‍(സ്വീഡന്‍), ഫ്രാങ്ക് കീസര്‍ (നെതര്‍ലാന്‍ഡ്‌സ്), ജയന്ത് പാര്‍മര്‍ (ഇന്ത്യ), നോംഖുബുല്‍ വെയ്ന്‍ ( ദക്ഷിണാഫ്രിക്ക), മാര്‍ക് ഡെലസ് (ഫ്രാന്‍സ്), ഹീക് ഫീദ്്‌ലര്‍ (ജര്‍മനി), ഗോക്‌സെനെര്‍ സി(തുര്‍ക്കി), ഫിലിപ് മീഴ്‌സ്മാന്‍ (ബെല്‍ജിയം) സെലഹാട്ടിന്‍ യോള്‍ഗിഡെന്‍ (തുര്‍ക്കി), എന്റിക് ആല്‍ബര്‍ട്ടോ സെര്‍വിന്‍ ഹെരേര(മെക്‌സിക്കോ), ജിഹാന്‍ ഒമര്‍ (ഈജിപ്റ്റ്), കമല്‍ വോറ (ഗുജറാത്ത്), സരബ്ജീത്ത് ഗര്‍ച (പഞ്ചാബ്), ഹേമന്ത് ദിവാതെ (മഹാരാഷ്ട്ര), യൂഗോ സെര്‍വാന്റോ സാഞ്ചസ്(മെക്‌സിക്കോ), ക്രിസ്‌റ്റോസ് കൂകിസ് (ഗ്രീസ്), ആഷൂര്‍ ഫെന്നി( അല്‍ബേനിയ), ഹദാ സേന്ദൂ ( മംഗോളിയ). തെബോഗോ കുന്റാ മോളോയിസ് (ദക്ഷിണാഫ്രിക്ക) തുടങ്ങിയ കവികള്‍ സംബന്ധിക്കും.
വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെ സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നടക്കുന്ന കവിതാലാപാനത്തില്‍ ലിനാ എക്ദാല്‍, അന്‍വര്‍ അലി, നോംഖുബുല്‍ വെയ്ന്‍, അദോല്‍ ബെറാമുലു, ഫ്രാങ്ക് കീസര്‍, റാഷ് (രവിശങ്കര്‍ എന്‍), ദോറിസ് കരേവ, ജിഹാന്‍ ഒമര്‍, ഗോക്‌സെനെര്‍ സി, ഫിലിപ് മീഴ്‌സ്മാന്‍, സാവിത്രി രാജീവന്‍, യോലന്റ കസ്റ്റാനോ തുടങ്ങിയവര്‍ സംബന്ധിക്കും.
ആറു മുതല്‍ ഏഴുവരെ ഭാരത് ഭവനില്‍ നടക്കുന്ന കവിത വായനയില്‍ മീര നായര്‍, ശ്യാം സുന്ദര്‍, ഗോപീകൃഷ്ണന്‍ കോട്ടൂര്‍, അഭിലാഷ് ബാബു, ബബിത മറീന ജസ്റ്റിന്‍, പൂജ സാഗര്‍, ചന്ദ്രമോഹന്‍ എസ്, ഇന്ദിര സദാനന്ദന്‍, സരള രാംകമല്‍, കെ. സുദര്‍ശനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് 7.15 മുതല്‍ ജര്‍മന്‍ എഴുത്തുകാരിയായ ഹീക് ഫീദ്‌ലറുടെ കാവ്യാവതരണം നടക്കും.
പി.എന്‍.എക്‌സ്.4781/17
- Log in to post comments