ആലപ്പുഴ ബൈപാസ് - രണ്ടാം റെയില്‍വേ മേല്‍പാലത്തിന്‍റെ കോണ്‍ക്രീറ്റിംഗ് ഇന്ന് ആരംഭിക്കും: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ ബൈപാസ് നിര്‍മ്മാണത്തിന്‍റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കുതിരപ്പന്തി റെയില്‍വേ മേല്‍പാലത്തിന്‍റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഇന്ന് (ആഗസ്റ്റ് 7) ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
2017-ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതി ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കാലതാമസംമൂലം വൈകുകയായിരുന്നു. 23-06-2020 ഓടുകൂടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‍റെ ഭാഗമായ ഗിര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും അനുബന്ധ പ്രവൃത്തികള്‍ പുരോഗമിച്ചു വരികയുമാണ്. പ്രസ്തുത റെയില്‍വേ മേല്‍പാലത്തിന്‍റെ കോണ്‍ക്രീറ്റ് പ്രവൃത്തികളാണ് നാളെ ആരംഭിക്കുന്നത്. ഈ പ്രവൃത്തി ആഗസ്റ്റ് പകുതിയോടുകൂടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം ആരംഭിക്കേണ്ട ഓവര്‍ ബ്രിഡ്ജിന്‍റെ ഉപരിതലം ടാറിംഗ് ചെയ്യുന്നതിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ കരാര്‍ കമ്പനി ആരംഭിച്ചിട്ടുള്ളതായും 2020 സെപ്റ്റംബര്‍ അവസാനത്തോടുകൂടി പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള കൊമ്മാടി, കളര്‍കോട് ജംഗ്ഷനുകളുടെ നവീകരണവും സര്‍വീസ് റോഡുകളുടെ നിര്‍മാണവും 2020 ആഗസ്റ്റ് 30-ഓടുകൂടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ ഉറപ്പു നല്‍കിയതായും മന്ത്രി അറിയിച്ചു.
- Log in to post comments