എന്‍.ഐ.ഇ.എല്‍.ടി ഹോസ്റ്റലിൽ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ എന്‍.ഐ.ഇ.എല്‍.ടി ഹോസ്റ്റലില്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോയ്സ് ഹോസ്റ്റലില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് സി.എഫ്. എല്‍.ടി.സി ആരംഭിച്ചിട്ടുള്ളത്. 140 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. നാല് ഡോക്ടര്‍മാര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, രണ്ട് മെഡിക്കല്‍ വളിയര്‍മാര്‍, രണ്ട് ക്ലീനിംഗ് സ്റ്റാഫ് എന്നിവരെയാണ് നിലവില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്‍റെ മേല്‍ നോട്ടത്തിലുള്ള ഈ സ്ഥാപനത്തില്‍ ആവശ്യമായി വരുന്ന മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചാത്തമംഗലം ഗ്രാമപഞ്ചായത്താണ്.
മാരക രോഗബാധിതര്‍, ഗര്‍ഭിണികള്‍, വിവിധതരം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവരെ മെഡിക്കല്‍ കോളജിലാണ് ചികിത്സിക്കുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റീവായ വലിയ തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളെയാണ് സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കുന്നത്.
എന്‍.ഐ.ടി കോംപൗണ്ടിലുള്ള എം.ബി.എ ഹോസ്റ്റലില്‍ ആരോഗ്യ വകുപ്പിന്‍റെ മേല്‍നോട്ടത്തിലും മെഗാ ബോയ്സ് ഹോസ്റ്റലില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുമാണ് സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എം.ബി.എ ഹോസ്റ്റലില്‍ 300 പേരെയും മെഗാ ബോയ്സ് ഹോസ്റ്റലില്‍ 560 പേരെയും കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ബിന അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡി.എം.ഒ ഡോ എന്‍ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എ രമേശന്‍ നോഡല്‍ ഓഫീസര്‍ ഡോ. പി എസ് സുനില്‍കുമാര്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.പി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments