കേരളത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്നും ഈ വര്‍ഷം തന്നെ 20 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കുമെന്നും ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കുടിവെള്ള ടാങ്ക് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . 6371 കോടി രൂപയുടെ ഒരു ബൃഹത് പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ തയ്യാറാക്കിയിട്ടുള്ളത്. കുടിവെള്ളം, വീട് തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ് പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതെന്നും ജനപ്രതിനിധികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദശിച്ചു. മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മലമ്പുഴ എംഎല്‍എയും ഭരണപരിഷ്‌ക്കാര ചെയര്‍മാനുമായ വി.എസ്. അച്ചുതാനന്ദന്‍ ഓണ്‍ലൈനില്‍ അധ്യക്ഷനായി. വി.എസ്. അച്യുതാനന്ദനെ പ്രതിനിധീകരിച്ച് എ. പ്രഭാകരന്‍ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തി . മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്നും വി.എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.
മലമ്പുഴ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന മലമ്പുഴ പഞ്ചായത്തിന് വേണ്ടിയുള്ള എട്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി, മരുതറോഡ് പഞ്ചായത്തിലെ പടലികാട് ജി.എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന 11 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി, ജെ ടി എസ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന ഏഴ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടന്നത്.
കിഫ്ബി 2017 - 18 ല്‍ ഉള്‍പ്പെടുത്തി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് 2018 ല്‍ 64.14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയാണിത്.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, ജല അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എന്‍.ആര്‍.ഹരി, ജല അതോറിറ്റി അംഗം അഡ്വ. ബി.മുരുകദാസ്, ജില്ലാ പഞ്ചായത്തംഗം കെ.രാജന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന്‍, മറ്റ് ജനപ്രതിനിധികള്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments