ലക്ഷ്യ അപ്പാരല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സുസ്ഥിര വികസനത്തിനായി കുടുംബശ്രീയും പട്ടികവര്‍ഗ്ഗ വികസന വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്ന പി.കെ. കാളന്‍ കുടുംബ സഹായ പദ്ധതിയുടെ ഭാഗമായി മലമ്പുഴയില്‍ ആദിവാസി വനിതകളുടെ സംരംഭമായ ലക്ഷ്യ അപ്പാരല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കെ.വി.വിജയദാസ് എം.എല്‍.എ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വിദഗ്ദ്ധ പരിശീലനം നേടിയ അമൂല്യ ജല പരിശോധന യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
16 അംഗങ്ങള്‍ ഉള്‍പ്പെടുന്ന അപ്പാരല്‍ യൂണിറ്റിന്റെ പ്രധാന ഉത്പന്നം തുണി ബാഗുകളാണ്. ചടങ്ങില്‍ എട്ട് ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തു. കോളനികളില്‍ നിന്നും ഒറ്റപ്പെട്ട് താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പി.കെ. കാളന്‍ കുടുംബ സഹായ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി ഭവനരഹിതര്‍ക്ക് വീട്, വീട് പുനര്‍ നിര്‍മ്മാണം, കുടിവെള്ള സൗകര്യം, ഗ്യാസ് കണക്ഷന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമൂഹ്യ വികസന പരിപാടികള്‍, വിവിധ ഉപജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കുന്നുണ്ട്. ഇവയില്‍ വീട് നിര്‍മ്മാണം, പുനര്‍നിര്‍മ്മാണം എന്നിവ ഒഴികെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാലി വര്‍ഗീസ്, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, എ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments